കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായ കൃഷിവകുപ്പ് ബേക്കല്‍ ഫ്‌ളവര്‍ഷോയ്ക്ക് സ്റ്റേജ്, പന്തല്‍ ലൈറ്റ് സൗണ്ട്, സ്റ്റാളുകള്‍ എന്നിവ ഒരുക്കിയവര്‍ക്ക് പണം നല്‍കാതെ വഞ്ചിച്ചെന്ന് പരാതി. 2019 ഡിസംബര്‍ 12 മുതല്‍ 2020 ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിപാടിക്ക് പശ്ചാത്തല സൗകര്യമൊരുക്കിയ പെരിയേറ്റടുക്കത്തെ കളിങ്ങോം ലൈറ്റ് ആന്റ് സൗണ്ട് ഡെക്കറേഷന്‍ സ്ഥാപന ഉടമ സി നാരായണന്‍ നായരും സൗണ്ട് എഞ്ചിനീയര്‍ കെ വിനോദും പരാതിയുമായി രംഗത്തെത്തിയത്.
രാപകല്‍നീണ്ട പരിപാടിക്കായി ലൈറ്റ് ആന്റ് സൗണ്ട്, സ്റ്റാളുകള്‍ ഒരുക്കുന്നതിന് 5,01,674 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഇതില്‍ 52,000 രൂപ മാത്രമാണ് ലഭിച്ചതായി നാരായണന്‍ നായര്‍ പറയുന്നു. പരിപാടി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിച്ച ബില്ലുകള്‍ ക്ലിയര്‍ ചെയ്യാന്‍ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതുസംബന്ധിച്ച് പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറെയും കൃഷിവകുപ്പ് അധികാരികളെയും ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കൃഷിവകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ ഫണ്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും വിവിധ നേതാക്കള്‍ ഇടപെട്ടിട്ടും ഒടുവില്‍ കൃഷിവകുപ്പിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല.
കോവിഡ് രൂക്ഷമായ സമയത്ത് പെരിയ പോളിടെക്‌നിക്കില്‍ ഏകദേശം 14000 സ്‌ക്വയര്‍ ഫീറ്റ് മൂന്നുനില കെട്ടിടത്തില്‍ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഫാന്‍, ലൈറ്റ്, സ്വിച്ച് ബോര്‍ഡ്, ജനറേറ്റര്‍ മുതലായ സാധനങ്ങള്‍ സ്ഥാപിച്ച ഇനത്തിലും കരാര്‍ തുക ബാക്കിയുണ്ട്. 2,01,400 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഇതില്‍ കൂലി മാത്രമായ 95000 രൂപ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തയാറായില്ലെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. ഈ തുകയും അനുവദിക്കേണ്ടത് ജില്ലാ കലക്ടറാണ്. എന്നാല്‍ നിരന്തരം അപേക്ഷ നല്‍കിയിട്ടും പണം അനുവദിക്കാന്‍ തടസമെന്തെന്നോ കാലതാസമത്തെ കുറിച്ചോ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണമില്ലെന്നും നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Post a Comment
0 Comments