കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇ.എം.എല്‍ കമ്പനി കൈമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. കമ്പനി കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി. 2016ല്‍ കമ്പനിയിലെ ഭെല്ലിന്റെ 51 ശതമാനം ഓഹരികള്‍ ഒഴിയാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ 49 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഭെല്ലിന്റെ ഓഹരികള്‍ കൂടി ഏറ്റെടുത്ത് പഴയത് പോലെ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാന്‍ 2017 ജൂണ്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു എങ്കിലും അത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാന്‍ രണ്ടര വര്‍ഷം കാലതാമസമുണ്ടായി.
2019 സെപ്തവര്‍ 7ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ തിരികെ വാങ്ങാനും അത് സംബന്ധിച്ച വില്‍പന കരാര്‍ ഒപ്പിടുവാനം അനുമതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ജൂണ്‍ 25 ന് എസ്. ടി. യു ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് അഡ്വ.പി.ഇ.സജല്‍ മുഖേന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍.നാഗ രേഷിന്റെ വിധി. കൈമാറ്റനടപടികള്‍ നീണ്ട് പോയതിനാല്‍ 2018 ഡിസമ്പര്‍ മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം അടക്കാത്തതിനാല്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പി.എഫ് പെന്‍ഷനും ഗ്രാറ്റിവിറ്റിയും ലഭിച്ചിട്ടില്ല.
പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ ഉല്പാദനം മുടങ്ങുകയും കൈവശമുണ്ടായിരുന്ന ഓര്‍ഡറുകള്‍ നഷ്ടപ്പെടുകയും ചെയ്ത കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജീവനക്കാര്‍ സമരത്തിന്റെ വഴിയിലാണ്. എസ്. ടി. യു നടത്തിയ റിലേ സത്യാഗ്രഹം 198 ദിവസമായപ്പോഴാണ് ലോക്ഡൗണ്‍ കാരണം കമ്പനി അടച്ചിട്ടത്. കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് കാസര്‍കോട് ടൗണില്‍ സത്യാഗ്രഹം നടത്തിയതുള്‍പ്പടെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഏഴ് മാസമായി പ്രവര്‍ത്തനരഹിതമായ കമ്പനിക്കും ജീവനക്കാര്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഹൈക്കോടതിയുടെ വിധി.
Post a Comment
0 Comments