Type Here to Get Search Results !

Bottom Ad

കോടതി പരിസരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചകേസ്: കസായി അലിക്ക് 5 വര്‍ഷം കഠിന തടവ്


കാസര്‍കോട്: (www.evisionnews.co) കോടതി പരിസരത്ത് വച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവിനും 10,000 രൂപപിഴ അടക്കാനും കോടതി ശിക്ഷിച്ചു. ഉപ്പള ഹീറോസ് ട്രീറ്റിലെ മുഹമ്മദ് അലി എന്ന കസായി അലിയെ (39)യാണ് കാസര്‍കോട് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അലി ഒരുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
മുഹമ്മദ് റഫീഖ് എന്ന മൗഗ്ലി റഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കസായി അലി. ഉപ്പളയിലെ പ്രമാദമായ മുത്തലിബ് വധക്കേസിലെ പ്രതികളിലൊരാളായിരുന്നു മൗഗ്ലി റഫീഖ്. സാക്ഷികളെല്ലാം പോലീസുകാരായതിനാല്‍ പരമാവധി ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്.
2013 ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 11.30 മണിയോടെ വിദ്യാനഗറിലുള്ള കോടതി കോംപ്ലക്സിന് സമീപത്ത് വച്ചാണ് വധശ്രമം. കുപ്രസിദ്ധ ക്രിമിനല്‍ കാലിയാ റഫീഖിന്റെ കൂട്ടുപ്രതിയായ മൗഗ്ലി റഫീഖിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമം നടന്നത്. കോടതിയുടെ ഗേറ്റിന് സമീപം വെച്ച് റഫീഖിന്റെ കഴുത്തിന് കസായി അലി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ റഫീഖിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റിയിരുന്നു. റഫീഖിന്റെ പരാതിയില്‍ കസായി അലിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad