കാസര്‍കോട്: (www.evisionnews.co) ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയെ ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ വാദങ്ങള്‍ തള്ളി സൈക്കോളജിക്കല്‍ ഓട്ടോപ്‌സി അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശ പ്രകാരം പുതുച്ചേരി ജിപ്പ്‌മെറിലെ മനശാസ്ത്ര വിദഗ്ധരാണ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
സൈക്കോളജിക്കല്‍ ഓട്ടോപ്‌സി ആദ്യമായാണ് കേരളത്തില്‍ കേസ് അന്വേഷണത്തില്‍ ഉപയോഗപ്പെടുത്തുന്നത്. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍, അടുപ്പമുണ്ടായിരുന്നവര്‍ തുടങ്ങിയവരുമായി സംസാരിച്ചാണ് മനശാസ്ത്ര വിശകലനം നടത്തുന്നത്. മൗലവി ആത്മഹത്യ ചെയ്യാന്‍ സാധ്യത കുറവാണെന്നാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണമാകാം ആത്മഹത്യ എന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ അത്തരത്തിലൊരു മാനസിക സംഘര്‍ഷമോ ആത്മഹത്യാ പ്രവണതയോ അദ്ദേഹത്തിനില്ലായിരുന്നുവെന്നാണ് മനശാസ്ത്ര വിശകലനം.
ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കയറി പോവുക എന്നത് സാധ്യമല്ല. മരണ ദിവസം പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നതിന് തെളിവില്ല. എല്ലാ ദിവസവും പോലെ തന്നെയായിരുന്നു ആ ദിവസവും. സ്വഭാവത്തിലൊ പെരുമാറ്റത്തിലോ ആത്മഹത്യാ പ്രവണത കാട്ടിയ വ്യക്തിയല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കൊലപാതകമാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ല എന്നാണ് സിബിഐയുടെ നിലപാട്. 2010 ഫെബ്രുവരി 15നാണ് സിഎം അബ്ദുല്ല മൗലവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments