ദേശീയം (www.evisionnews.co): ഹാത്രസ് സംഭവത്തിന്റെ നടുക്കും മാറുംമുന്‍പേ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. 44 വയസ്സുള്ള ദലിത് സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലെ ഗ്യാന്‍പൂരിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വാഹനത്തില്‍ കയറ്റി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് എസ്പി വിശദീകരിച്ചു.
ഹാത്രസ് സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയിലും യു.പിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുകയാണ്. ഹാഥ്‌റസില്‍ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്ത് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ സെപ്തംബര്‍ 30നാണ് പെണ്‍കുട്ടി മരിച്ചത്.
യു.പിയിലെ തന്നെ ബല്‍റാംപൂരിലും പിന്നാലെ സമാന സംഭവമുണ്ടായി. ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. കാണ്‍പൂരിലെ ദേഹാത്തില്‍ നിന്ന് കാണാതായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കുറ്റവാളികളെ സര്‍ക്കാരും പൊലീസും സംരക്ഷിക്കുന്നതുകൊണ്ടാണ് യു.പിയില്‍ സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമം തുടരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Post a Comment
0 Comments