ബാലിയ (www.evisionnews.co): ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തിന് നേരെ ബിജെപി പ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു ധീരേന്ദ്ര സിംഗ് വെടിവെപ്പ് നടത്തിയത്. ബാലിയയിലെ ബി.ജെ.പിയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘടനയുടെ തലവനാണ് ധീരേന്ദ്ര സിംഗ്. ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രധാന സഹായിയാണ് ഇയാള്‍.
പ്രദേശവാസിയായ ജയ്പ്രകാശാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ 5 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോയില്‍ വെടിവെപ്പിന് പിന്നാലെ ചിതറിയോടുന്ന ജനങ്ങളെ കാണാം. ഉന്തിലും തള്ളിലും പലരും വീണുപോകുന്നതും ചവിട്ടേല്‍ക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് റൗണ്ട് വെടിവെപ്പ് നടന്നതായും വീഡിയോയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.റേഷന്‍ കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ നടന്ന തര്‍ക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. നിരവധി പേര്‍ പങ്കെടുത്ത യോഗത്തില്‍ പൊലീസുകാരും ഹാജരായിരുന്നുവെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
Post a Comment
0 Comments