കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു ഒരിക്കല്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മറ്റൊരിടത്തേക്ക് മാറ്റിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിര്‍ത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാല്‍ മംഗളൂരുവിലെ ആശുപത്രികളില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയുമുണ്ടായിരുന്നു. ആ സ്ഥിതിയില്‍ ഇന്നും വലിയ മാറ്റംവന്നിട്ടില്ല.
മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി. പ്രതിമാസം 300ലധികം പ്രസവം ഇവിടെ നടക്കുന്നു. പ്രതിദിനം 500ലധികം ഒപിയുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന മേഖലയിലാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി സ്ഥിതി ചെയ്യുന്നത്.
ബദിയടുക്ക ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജില്‍ കോവിഡ് ആശുപത്രി ഉള്ളപ്പോള്‍ ജനറല്‍ ആശുപത്രി കൂടി കോവിഡ് ആശുപത്രിയയാക്കി മാറ്റാന്‍ നീക്കം നടത്തുന്നത് ദുരൂഹമാണ്. മെഡിക്കല്‍ കോളജില്‍ തന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അഭികാമ്യം. അതിനുപുറമെ ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് ലഭിച്ച 60 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 550 ബെഡ്ഡ് കോവിഡ് ആസ്പത്രിയുടെ താക്കോല്‍ ഈ മാസം ഒമ്പതിനാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. ഇത്രയും സംവിധാനങ്ങള്‍ നിലിവലുള്ള സാഹചര്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ നീക്കം നടത്തുന്നത് ജനങ്ങള്‍ക്ക് ദുരിതമേ ഉണ്ടാക്കൂ എന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments