Type Here to Get Search Results !

Bottom Ad

നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കും: യൂത്ത് ലീഗ്


ദേശീയം (www.evisionnews.co): കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരാവകാശങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും പോലീസ് സേനയെയും വിവിധ അന്വേഷണ ഏജന്‍സികളെയും ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയോഗം കുറ്റപ്പെടുത്തി. ഡോ. ഖഫീല്‍ ഖാന് ജാമ്യം നിഷേധിക്കാന്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയ യുപി സര്‍ക്കാറിന്റെ നടപടി ഉദാഹരണമാണ്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിച്ചത്. 

 
സഫൂറ സര്‍ഗര്‍, ഖാലിദ് സൈഫി, ഗുല്‍ശിഫഖാതൂന്‍, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്മാന്‍, ദേവാംഗന കലിത എന്നിവരില്‍ തുടങ്ങിയ പട്ടിക ഒടുവില്‍ ഉമര്‍ ഖാലിദിലെത്തി നില്‍ക്കുന്നു. വേട്ടയാടലിന് ഇരയാകുന്നവര്‍ക്കു നിയമ സഹായം നല്‍കാന്‍ ദേശീയ തലത്തില്‍ നിയമസഹായ സമിതിക്ക് രൂപം നല്‍കും. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.

 
ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു. ഡല്‍ഹി കലാപ നാളുകളില്‍ യൂത്ത് ലീഗ് സ്ഥാപിച്ച കെയര്‍ സെന്ററിന്റെ കീഴില്‍ ഡല്‍ഹി കെ എം സി സി യുടെ സഹകരണത്തോടെ നടത്തിവരുന്ന നിയമസഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു. വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളോട് യോഗം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

 
പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രചാരണത്തിനായി പ്രചാരണ യാത്ര സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ നേതാക്കള്‍ മൂന്ന് സംസ്ഥാനങ്ങളിലും പര്യടനം നടത്തും. ഓരോ ജില്ലകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് സംവദിക്കും. പര്യടനത്തിന്റെ ഓരോ ദിവസത്തെയും സമാപനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും. കോവിഡ് ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനനുസരിച്ച് പ്രചാരണ യാത്രയുടെ തിയതി പ്രഖ്യാപിക്കും. 

ദേശീയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനും തീരുമാനിച്ചു. ഭാരവാഹികളായ സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര), മുഹമ്മദ് ആരിഫ് (ഉത്തര്‍ പ്രദേശ്), ആസിഫ് അന്‍സാരി (ഡല്‍ഹി) അഡ്വ: ഫൈസല്‍ ബാബു (കേരളം) സജ്ജാദ് ഹുസൈന്‍ അക്തര്‍ (ബീഹാര്‍) നസ്റുള്ള ഖാന്‍ (തമിള്‍ നാട്) ഉമര്‍ ഇനാംദാര്‍ (കര്‍ണാടക), കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പികെ ഫിറോസ്, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സാരി മതാര്‍, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്റഫലി സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad