Type Here to Get Search Results !

Bottom Ad

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി


മലപ്പുറം (www.evisionnews.co): ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളെല്ലാം കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്റെ ക്രൂരതയെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.


മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.


കോവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ് നിലവിലുളളത്. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, കുറ്റാരോപിതരായ വകുപ്പ് മന്ത്രി ഉള്‍പെടെയുള്ള മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടപടിയും ഇരക്ക് നഷ്ട പരിഹാരവും ആവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad