കാസര്‍കോട്: (www.evisionnews.co) ഉപ്പള കൈക്കമ്പയിലെ യുവാവിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത് മംഗളൂരുവിലെ അധോലോക സംഘമെന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവെപ്പുണ്ടായത്. രണ്ടുപ്രാവശ്യം വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പൊലീസിനോട് മൊഴി നല്‍കി. വെടിയൊച്ച കേട്ട് ഭയന്ന് മൂന്ന് സുഹൃത്തുക്കളോട് ഫോണില്‍ വിളിച്ച് തന്നെ ആരോ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉടന്‍ വരണമെന്നും അറിയിച്ചതായും യുവാവ് പറയുന്നു.
മംഗളൂരുവിലെ ഒരു അധോലോക സംഘത്തെ കുറ്റപ്പെടുത്തി മറ്റൊരു സംഘത്തോട് പറഞ്ഞതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. വെടിവെപ്പുമായി ഉപ്പളയിലെ ഗുണ്ടാസംഘത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംശയസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കാര്‍ ഇന്ന് ഉച്ചയോടെ വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച് ഇതുവരെ ആരും പൊലീസിന് പരാതി നല്‍കിയിട്ടില്ല.