Type Here to Get Search Results !

Bottom Ad

ടാറ്റാ കോവിഡ് ആസ്പത്രി നിര്‍മാണം അന്തിമഘട്ടത്തില്‍: പണി പൂര്‍ത്തിയാകുന്നത് മൂന്നര മാസത്തില്‍

 
കാസര്‍കോട് (www.evisionnews.co): കോവിഡ് ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ടാറ്റാ ഗ്രൂപ്പ് നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ കോവിഡ് ആസ്പത്രി പണി അന്തിമഘട്ടത്തില്‍. ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ എംഐസി കാമ്പസിന് സമീപം 15 കോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന ആസ്പത്രി ഈ മാസാവസാനത്തോടെ പണി പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജില്ലയില്‍ ടാറ്റയുടെ ആസ്പത്രി നിര്‍മാണത്തിന് പദ്ധതിയിട്ടത്.

രാജ്യത്തെ വിവിധ ടാറ്റാ സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്നും എത്തിച്ച 128 സ്റ്റീല്‍ കണ്ടെയിനറുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. കുന്നില്‍ മുകളിലായതിനാല്‍ നിലം മൂന്നു തട്ടുകളാക്കിയായിരുന്നു നിര്‍മാണം. റോഡ്, ജലവിതരണ സംവിധാനം, ചുറ്റുമതില്‍ എന്നിവയടക്കമുള്ള ജോലികള്‍ ബാക്കിയുണ്ട്.

നിര്‍മാണം പൂര്‍ത്തിയാവുന്നത് മൂന്നര മാസത്തില്‍

 
ജില്ലയിലെ കരാറുകാരുടെയും നിര്‍മാണ തൊഴിലാളികളുടെയും സഹായത്തോടെ പ്രഖ്യാപനം വന്ന് ആഴ്ചക്കകം തന്നെ ആസ്പത്രിക്ക് വേണ്ടിയുള്ള നിലമൊരുക്കല്‍ ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും കംപ്രഷറുകളുമടക്കം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം തറനിരപ്പാക്കല്‍ പ്രവര്‍ത്തനം വേഗത്തിലാക്കി.

ഏപ്രില്‍ അവസാനത്തോടെ ടാറ്റാ ഗ്രൂപ്പിന്റെ ജീവനക്കാര്‍ ജില്ലയിലെത്തി. കണ്ടെയിനറുകളും എത്തിത്തുടങ്ങി. നിലവില്‍ 50 തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. അധികം മെഷീന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളാണ്. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. ജൂലൈ അവസാന വാരത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പിഎല്‍ പറയുന്നു.
 
മൂന്നു സോണുകള്‍, 540 കിടക്കകള്‍

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആസ്പത്രിയെ മൂന്ന് സോണുകളായി തിരിക്കും. സോണ്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റീന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുക. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയിനറിലും അഞ്ചു കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റമുറികളുമാണ് ഉള്ളത്.

128 യൂണിറ്റുകളിലായി (കണ്ടെയിനറുകള്‍) 540 കിടക്കകളാണ് ആസ്പത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40അടി നീളവും 10അടി വീതിയുമുണ്ട്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷന്‍ സംവിധാനം, കാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങിവയും ഒരുക്കിയിട്ടുണ്ട്.


തുടക്കത്തില്‍ കോവിഡ് ആസ്പത്രിയായാണ് പ്രവര്‍ത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉഫയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്. ആസ്പത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad