കാസര്‍കോട് (www.evisionnews.co): പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട സുബൈദ വധക്കേസിലെ പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെ രക്ഷപ്പെട്ട മൂന്നാംപ്രതി കര്‍ണാടക സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് എന്ന സുള്ള്യ അസീസിനെ കണ്ടെത്തുന്നതിനായാണ് ബേക്കല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ബേക്കല്‍ പൊലീസ് സ്റ്റേഷന് പുറമെ കേരളത്തിലെയും കര്‍ണാടകയിലെയും പൊലീസ് സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിച്ചു. 2018 ജനുവരി 19നാണ് പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മധൂര്‍ പടല്‍കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പടല്‍കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് മറ്റു പ്രതികള്‍. സുബൈദയെ കൈകകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ റിമാണ്ടിലാകുകയും ചെയ്തു.
ഇതിനിടെ മറ്റൊരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ അസീസിനെ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്നതിനിടെ സുള്ള്യ ടൗണില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് അസീസ് രക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെയായിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് ലുക്ക് ഓട്ട് നോട്ടീസ് പുറത്തിറക്കിയത്.
Post a Comment
0 Comments