കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള ടൗണിലെ രണ്ട് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും. സമ്പര്‍ക്കത്തിലൂടെയാണ് വ്യാപാരികള്‍ക്ക് രോഗം പകര്‍ന്നത്. ചരക്കെടുക്കാന്‍ ഇവര്‍ ഇടയ്ക്കിടെ മംഗലാപുരത്ത് പോകാറുണ്ട്. മറ്റു കടകളില്‍ എല്ലാ ദിവസവും സാധനങ്ങള്‍ എത്തിക്കുകയും പണം സ്വരൂപിക്കാന്‍ ബോവിക്കാനം നെല്ലിക്കട്ട, ചെര്‍ക്കള, നായന്മാര്‍മൂല തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ പോകാറുമുണ്ട്.
ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള ആളുകള്‍ വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. ക്വാറന്റീനില്‍ കഴിയുന്ന വിവരം ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. രോഗലക്ഷണം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം.
അണുനശീകരണം നടത്തുന്നതിന് ചെര്‍ക്കളയിലെ വ്യാപാര സ്ഥാപനങ്ങള്‍ 48 മണിക്കൂര്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെങ്കള പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. സാനിറ്റൈസര്‍ കാണുന്ന വിധത്തില്‍ ലഭ്യമാക്കേണ്ടതാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് രാജേഷ്. കെഎസ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് നേതൃത്വം നല്‍കി.
Post a Comment
0 Comments