Type Here to Get Search Results !

Bottom Ad

നൂറുകടന്ന് കോവിഡ്: കാസര്‍കോട് സ്ഥിതി രൂക്ഷം: കൈവിട്ടാല്‍ അപകടമെന്ന് മുന്നറിയിപ്പ്

 
കാസര്‍കോട് (www.evisionnews.co): ഒറ്റദിവസം കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതോടെ സാമൂഹിക വ്യാപനം പരമ്യതയിലെന്ന് വിലയിരുത്തല്‍. അതീവ ജാഗ്രത ജീവിത രീതികളില്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.
ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടാകുന്ന വര്‍ധനവ് ഭീതിജനകമായ നിരക്കിലാണ്. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഞ്ചു ക്ലസ്റ്റര്‍ ഏരിയകള്‍ ജില്ലയില്‍ കണ്ടെത്തുകയും ഊര്‍ജിതമായ പ്രതിരോധ നടപടികള്‍ നടത്തിവരികയുമാണ്. കാസര്‍കോട് മാര്‍ക്കറ്റ്, ചെര്‍ക്കള ഫ്യൂണറല്‍, മംഗല്‍പാടി വാര്‍ഡ് മൂന്ന്,കുമ്പള മാര്‍ക്കറ്റ്, ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയ്ക്കകത്ത് രൂപം കൊണ്ട ക്ലസ്റ്ററുകള്‍.

രോഗവ്യാപനത്തോടെപ്പം
മരണ സാധ്യതയും

അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആള്‍ക്കാര്‍ കര്‍ണാടകയിലേക്കും തിരിച്ചും യാത്ര നടത്തുന്നു എന്നത് ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണി വലുതാണ്. ഇത്തരത്തില്‍ യാത്ര ചെയ്തെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവരില്‍ നിന്ന് കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കും രോഗപകര്‍ച്ച ഉണ്ടാവുകയും ചെയ്തു.
ആരില്‍ നിന്നും രോഗപകര്‍ച്ചയുണ്ടാവാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപനത്തോത് ഉയരുന്ന സാഹചര്യത്തില്‍ മരണനിരക്കും ഉയരാന്‍ സാധ്യത ഏറെയാണ്.

ഉറവിടമറിയാത്ത 20കേസുകള്‍
ജില്ലയില്‍ ഉറവിടമില്ലാത്ത കേസുകള്‍ ഇരുപതായി. 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നത് രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടുകയാണ്. വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നാംഘട്ട രോഗവ്യാപനം തുടങ്ങി 35 ദിവസത്തോളം ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മൂന്നാഴ്ചക്കുള്ളിലാണ് ഇത്രയും സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകള്‍ തന്നെയാണ് വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പൊതുചടങ്ങുകള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിഷ്‌കര്‍ഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് ജില്ലയില്‍ സമ്പര്‍ക്ക കേസുകളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad