Type Here to Get Search Results !

Bottom Ad

സ്വര്‍ണക്കടത്തും ഉയരുന്ന ആശങ്കകളും


(www.evisionnews.co) രാജ്യത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥ രൂപപ്പെടാന്‍ കാരണവും, അതിലേറെ രാജ്യ സുരക്ഷ ഭീഷണിയും ഉയര്‍ത്തുന്ന ഒരു വലിയ സ്വര്‍ണ കള്ളക്കടത്ത് നടന്നിരിക്കുകയാണ് നമ്മുടെ നാട്ടില്‍. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കോവിഡ് ഉയര്‍ത്തുന്ന ആശങ്കകളും വേവലാതികളും ഒരു ഭാഗത്തുണ്ട്. അതിനപ്പുറത്ത് സ്വര്‍ണ കടത്തും അതിലൂടെ ഉയരയുന്ന ആശങ്കകളും കൂടുതല്‍ ചര്‍ച്ചകളിലേക്ക് വിധേയമാക്കേണ്ടതായിട്ടുണ്ട്. 

ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ വിവാദങ്ങള്‍ക്കും അഴിമതികള്‍ക്കും എക്കാലവും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാറില്ല. ലോകം കണ്ട ഏറ്റവും വലിയ അഴിമതികള്‍ നടക്കാറും ഈ ഒരു സമ്പ്രദായത്തിലൂടെ തന്നെയാണ്. 

ഇവിടെ എല്ലാ അഴിമതികളിലും, കള്ളക്കടത്തുകളിലും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുന്നത് കാണാം. അങ്ങനെയാണ് വാര്‍ത്തകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ചില മാധ്യമങ്ങള്‍ സരിതയുടെ സാരിയും, സ്വപ്നയുടെ പര്‍ദ്ദയും, ശരീര ഒടിവും വടിവുമൊക്കെ ചര്‍ച്ചയാക്കുന്നത്. 

ഭരണ തംബ്രാക്കന്മാരുടെ ഒത്താശയോടെ നടക്കുന്ന എല്ലാ അഴിമതികളും, കള്ളക്കടത്തുകളും, രാജ്യ ദ്രോഹ കുറ്റങ്ങളും, ആരെയെങ്കിലും ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്യാലോ, അല്ലെങ്കില്‍ കൂടെ ഉള്ളവരെ ഒഴിവാക്കലോ നടന്നാല്‍ ആ ചര്‍ച്ചകള്‍ വേണ്ടത്ര ഗൗരവത്തില്‍ മുന്നോട്ടു പോകുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. യദാര്‍ത്ഥ പ്രതികള്‍ അന്നേരവും സുഖ ലോലുപതയുടെ പരമോന്നതിയില്‍ വിരാചിക്കുന്നുണ്ടാവും. എല്ലാ അഴിമതികളും ഭരണമാറ്റം സംഭവിക്കലോടെ ജനങ്ങള്‍ മറന്നുപോകുന്നു. ഭരണ പക്ഷം പ്രതിപക്ഷമാവുമ്പോള്‍ ആ ചര്‍ച്ചകള്‍ എന്ത് കൊണ്ട് അവസാനിക്കുന്നു. 

ജനങ്ങളെയും രാജ്യത്തിനെയും ബാധിക്കുന്ന ഒരു പ്രശ്‌നം വരുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അപ്പോള്‍ മാധ്യമങ്ങളും ജനങ്ങളും പ്രതിപക്ഷ റോള്‍ സ്വയം ഏറ്റടുക്കണം. 

ഇടത്, വലത്, പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഓരോ ഘട്ടത്തിലും അഴിമതിയുടെ കഥകള്‍ ഏറെ കേട്ടും കണ്ടും വളര്‍ന്നവരാണ് നമ്മള്‍, ഇവിടെയൊന്നും ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം. 

ഇപ്പോള്‍ നടന്നിരിക്കുന്ന സ്വര്‍ണ കടത്ത് കേസ്, സോളാര്‍ കേസ് പോലെ ഒരു സംസ്ഥാനത്ത് ഒതുങ്ങുന്ന നിസാര കേസല്ല. സരിതയെ ന്യായീകരിക്കാന്‍ കഴിയില്ല. എങ്കില്‍ പോലും സോളാര്‍ തട്ടിപ്പില്‍ അന്നത്തെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒന്ന് തന്നെയും ഉണ്ടായിട്ടില്ല. എല്ലാം വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു. ആ തട്ടിപ്പില്‍ സര്‍ക്കാരിന് നഷ്ടമില്ല. തന്റെ സ്വാധീനം ഉപയോഗിച്ച് കുറേ വ്യക്തി കളെ സരിത തട്ടിപ്പിന് ഇരയാക്കി എന്നത് മാത്രം.എന്ന് പറഞ്ഞാല്‍ തട്ടിപ്പ് തട്ടിപ്പല്ലാതാവില്ല. 

സ്വര്‍ണ കടത്ത് കേസ് നേരെ വിപരീതമാണ്. മുഴുവനും സര്‍ക്കാരിനെ ചുറ്റിപ്പറ്റിയാണ്. സ്വപ്നയുടെ നിയമനം അടക്കം. ആയിരം ചോദ്യങ്ങള്‍ സര്‍ക്കാരിനെതിരെയാണ് ഉയരുന്നത്. കൂടാതെ ഇതൊരു രാജ്യ ദ്രോഹ കുറ്റവും കൂടിയാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്തതാണ് ഇങ്ങനെ ഒരു സംഭവം. അതി ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമോ? ഈ സ്വര്ണക്കടത്തില്‍ ഉള്ള മറ്റു അവിഹിത ബന്ധങ്ങളോ? ഇന്നും കൃത്യമായ ഒരു വിവരണം തരാതെ കോവിഡ് അവതരണവുമായി മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത് എന്ന് നാം സംശയിക്കേണ്ടിരിക്കുന്നു. കറപുരളാത്ത കൈകള്‍ ഇനിയും ഉയരേണ്ടതായിട്ടുണ്ട്.

സ്വര്‍ണക്കടത്തിന്റ ഇകോണോമിക് വശം സാധാരണക്കാരന് അത്രത്തോളം നസിലാവണമെന്നില്ല. അത് കൊണ്ടാണ് പലരും ന്യായീകരണവുമായി വരുന്നത്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മൂടാന്‍ ആരും ശ്രമിക്കരുത്. സ്വര്‍ണക്കടത്തിന്റ ഇക്കോണമി എന്ന് പറയുന്നത് ചുരുക്കത്തില്‍ സ്വപ്ന സുരേഷും ടീമും കടത്തിയ ഏറ്റവും അവസാനം പിടിച്ച 30 കിലോ സ്വര്‍ണത്തിന്റെ ലാഭം എന്ന് പറയുന്നത് 3 കോടി ഇന്ത്യന്‍ രൂപയാണ്. 30 കിലോ സ്വര്‍ണത്തിന്റെ കണക്ക് ഇതാണെങ്കില്‍ കോവിഡിന്റെ മറവില്‍ മാത്രം സ്വപ്നയും കൂട്ടരും കടത്തിയ 250 കിലോ സ്വര്‍ണത്തിന്റെ കണക്ക് എത്ര ആയിരിക്കും. ഒന്നാലോചിക്കൂ...? 

ഇക്കൂട്ടരെല്ലാം കൂടി രാജ്യത്ത് ഒരു സമാന്തര സാമ്പത്തിക വ്യവസ്ത ഉയര്‍ത്തിക്കൊണ്ട് വരുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്. ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതിലൊക്കെയുള്ള പങ്ക് അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചു കേരളത്തിലേക്ക് ഒരു വര്‍ഷം 200 ടണ്‍ സ്വര്‍ണം അനധികൃതമായി വരുന്നുണ്ടെന്നതാണ് കണക്ക്. അങ്ങനെ നോക്കിയാല്‍ ഇതില്‍ കിട്ടുന്ന ലാഭം ഏതെല്ലാം വഴിക്ക് ചിലവഴിക്കുന്നു, ഈ വരുന്ന സ്വര്‍ണങ്ങള്‍ എവിടെയെല്ലാം പോകുന്നു. ഇതിലൂടെയുള്ള തീവ്രവാദ ബന്ധങ്ങള്‍, ഇവയെല്ലാം ചര്‍ച്ച ചെയ്യേണ്ടേ? 

രാജ്യ ഭീഷണി ഉയര്‍ത്തുന്ന വലിയ കുറ്റമാണ് സ്വര്‍ണക്കടത്ത്, രാജ്യ ദ്രോഹ കുറ്റമാണിതെന്ന് നമ്മളിലെത്ര പേര്‍ക്ക് അറിയാം... സ്വര്ണക്കള്ളക്കടത്തിന്റെ ഇക്കോണമി അമിതമായ സാമ്പത്തിക നേട്ടം തന്നെയാണ്. ഒരു കച്ചവടം ചെയ്താലും കിട്ടാത്ത സ്വപ്ന തുല്യമായ പ്രതിഫലമാണ് ഇതില്‍ നിന്നും കിട്ടുന്നത്. മുകളില്‍ പറഞ്ഞ 200 ടണ്‍ സ്വര്‍ണം കടത്തി കൊണ്ട് വരുമ്പോള്‍ രാജ്യത്തിന് ഉണ്ടാവുന്ന നഷ്ടം എന്ന് പറയുന്നത് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 1200 കോടിയാണ്. കൂടാതെ ജി. എസ്. ടി ഇനത്തില്‍ 240 കോടിയുമാണ്. ഇവ ഒന്നും കൂടാതെ ഇന്‍കം ടാക്‌സ് അടക്കം വമ്പിച്ച നഷ്ടമാണ് രാജ്യത്തിനുണ്ടാവുന്നത്. 

ഇത് ഒഫീഷ്യല്‍ കണക്കുകള്‍ അനുസരിച്ചുള്ളതാണ് 200 ടണ്‍. അതുകൂടാതെ ചെറുതും വലുതുമായ ഒരുപാട് ഇടപാടുകള്‍ നടുക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്തയെ തന്നെ അട്ടി മറിക്കുന്ന വലിയൊരു രാജ്യ ദ്രോഹ കുറ്റം കയ്യോടെ പിടികൂടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിട്ടും എന്ത് കൊണ്ട് മുഖ്യമന്ത്രി രാജി വെക്കുന്നില്ല. ഇന്നത്തെ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആരോപണം ഉയരുമ്പോള്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്ന് പറഞ്ഞ ആളാണ്. 

ഓരോ ഗ്രാമിനും വിദേശത്തെ വിലയും ഇവിടത്തെ വിലയും തമ്മിലുള്ള വ്യത്യാസവും നികുതി വെട്ടിപ്പുമെല്ലാം കൂടി കിട്ടുന്ന വലിയ സാമ്പത്തിക ലാഭം പലരെയും ഈ കള്ളക്കടത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നു. ഉന്നതങ്ങളില്‍ ഉന്നതര്‍ വിരാചിക്കുമ്പോള്‍ രക്ഷപ്പെടുത്താന്‍ അവര്‍ ഉള്ളത് കൊണ്ട് പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനും എളുപ്പം എന്നവര്‍ മനസിലാക്കുന്നു... 

ഇതിനൊക്കെ ഇനിയെങ്കിലും ഒരവസാനം ഉണ്ടായില്ലെങ്കില്‍ നഷ്ടം സാധാരണക്കാരന് മാത്രമാണ്. വിലക്കയറ്റവും, തീവ്രവാദവും, അരാജകത്വവും, ചിലരില്‍ അമിത സാമ്പത്തിക അവസ്ഥ യും, ദാരിദ്ര്യവും, കള്ളപ്പണവും ഒക്കെ ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയക്കാര്‍ക്ക് ഇതിലുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. അവര്‍ക്കിത് നേട്ടമാണ്. നഷ്ടം സാധാരണക്കാരനാണ്. അത് കൊണ്ട് അതികം ന്യായീകരണം വേണ്ടാ... ഇനിയെങ്കിലും ഇതിനൊക്കെ ഒരവസാനം ഉണ്ടാവണം..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad