Type Here to Get Search Results !

Bottom Ad

ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ഭരണത്തില്‍ തുടരുന്നത് ലജ്ജാകരം: സികെ സുബൈര്‍


കാസര്‍കോട് (www.evisionnews.co): സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ധാര്‍മികത തെളിയിക്കണമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈര്‍ ആവശ്യപ്പെട്ടു. 

ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ഭരണത്തില്‍ തുടരുന്നത് അപലപനീയമാണ്. രാജ്യദ്രോഹ കുറ്റംനടത്തിയ സ്വപ്ന സുരേഷ് രാജ്യാന്തര കള്ളക്കടത്ത് റാക്കറ്റിലെ കണ്ണിയാണ്. ഇതിനുള്ള ഒത്താശയും പരിരക്ഷയും നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയും മുഖ്യമന്ത്രിയുടെ കുടുംബത്തെ എല്ലാ നിലക്കും സഹായിക്കുന്ന വ്യക്തിയുമാണ് ഐ.ടി സെക്രട്ടറി ശിവശങ്കര്‍. സ്വര്‍ണ്ണകടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇയാള്‍ക്കുള്ള ബന്ധം വഴിവിട്ടതാണ്. ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. 

മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നില നിര്‍ത്തിയുള്ള ഏത് അന്വേഷണവും പ്രഹസനമാകും. കോവിഡ് ചൂണ്ടികാട്ടി പ്രതിപക്ഷത്തെയും പ്രതിഷേധങ്ങളെയും പ്രതിരോധിക്കുന്ന മുഖ്യമന്ത്രി കോവിഡ് മാരിയും ദുരന്തകാലവും കള്ളക്കടത്തിന് പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് ഹാരിസ് പട്ട്‌ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. സി.എല്‍ റഷീദ് ഹാജി, യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ആസിഫ് മാളിക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad