Type Here to Get Search Results !

Bottom Ad

കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം: ലംഘിച്ചാൽ ഏഴു ദിവസത്തേക്ക് കട അടപ്പിക്കും: ജില്ലാ കളക്ടര്‍

കാസർകോട് :(www.evisionnews.co) കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം.

ജൂലൈ 12നാണ് ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങളുമായി വന്ന ലോറികളിലെത്തിയ ആളുകളില്‍ നിന്നാണ് രോഗം പര്‍ന്നിട്ടുള്ളത്. അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരുന്ന ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങള്‍. 

കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്. ഈ നേട്ടം നമുക്കിനിയും കൈവരിക്കാന്‍ കഴിയും. അതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. ജില്ലയില്‍ പുതിയതായി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അനാവശ്യ യാത്രകളും കൂട്ടം കൂടലും നിര്‍ബന്ധമായും ജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad