(www.evisionnews.co) ഹസൈനാര്‍ തോട്ടുംഭാഗം കെഎംസിസിയുടെ നേതൃനിരയില്‍ മണ്ഡലം തൊട്ട് സംസ്ഥാന സമിതിയില്‍ വരെ സാരഥ്യം വഹിച്ച കാസര്‍കോട് തളങ്കര സ്വദേശി. പ്രായം അറുപത് കഴിയുമ്പോഴും കര്‍മരംഗത്ത് തളരാതെ ഹസൈനാര്‍ച്ച രംഗത്തുണ്ട്. കോവിഡ് സ്ഥിരീകരിച്ചു ഐസുലേഷനിലേക്ക് മാറിയത് മുതല്‍ നടണയാന്‍ കൊതിച്ചതായിരുന്നു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു. താന്‍ അറിയുന്ന പലരോടും നാട്ടില്‍ പോവേണ്ടുന്ന കാര്യം ധരിപ്പിച്ചു.
ഹൃദ്രോഗി കൂടിയായ അദ്ദേഹം എംബസിയുടെ വിളിക്കായി ഏറെ കാത്തിരുന്നു. ഒടുവില്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍ പോവാന്‍ അവസരം ലഭിച്ചത്. ജൂണ്‍ നാലിനു രാവിലെ കൊച്ചിയിലേക്കായിരുന്നു അദ്ദേഹത്തിന് ടിക്കെറ്റ് കിട്ടിയത്. രോഗിയും പ്രായവുമുള്ള കാരണം കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഏറെ ആശങ്കയും ഉണ്ടായിരുന്നു.
നാട്ടിലെത്തിയാല്‍ കുടിക്കാന്‍ വെള്ളം പോലും കിട്ടാതെ ഒന്നും രണ്ടും ദിവസം ക്വാറന്റീന്‍ കേന്ദ്രത്തിലേക്കോ മറ്റോ എത്താന്‍ കഴിയാതെ സങ്കടങ്ങള്‍ പങ്കുവെക്കുന്ന മുന്നേ നാടണഞ്ഞ പ്രവാസികളുടെ കദനകഥ നിരന്തരം കേള്‍ക്കുന്നത് കൊണ്ടു തന്നെ കൊച്ചിയില്‍ നിന്നും കാസര്‍കോട് എത്താനുള്ള വഴിദൂരം കാരണം ബുദ്ധിമുട്ട് ഏറെ ഉണ്ടാവുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാലും നാട്ടില്‍ എത്തിയ ശേഷം അദ്ദേഹത്തെ ക്രൂശിക്കാന്‍ തന്നെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീക്കവും.
നാട്ടിലെത്തുന്ന പ്രവാസികളോട് കരുണ കാണിക്കാന്‍ കഴിയില്ലെങ്കിലും അല്പമെങ്കിലും മനുഷ്യത്വം കാണിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഒടുവില്‍ പലരുടെയും ഇടപെടലുകള്‍ കൊണ്ട് മാത്രം അദ്ദേഹത്തെ ഹോം ക്വാറന്റീനിലേക്ക് വിടുകയായിരുന്നു. രണ്ടരലക്ഷം ബെസുണ്ടെന്ന് വീമ്പിളക്കിയവര്‍, സൗജന്യ ക്വാറന്റീന്‍ എന്ന് തള്ളിയവര്‍, കേറിവാ മക്കളെ നിങ്ങള്‍ നമ്മുടെ നട്ടെല്ലാണെന്ന് കുരച്ചവര്‍ പറഞ്ഞ വാക്കുകള്‍ എല്ലാം വിഴുങ്ങിയെന്ന് മാത്രമല്ല, നാടണയാന്‍ പോലും സമ്മതിക്കാതെ പാരവെക്കുന്ന ക്രൂരമായ മുഖമാണ് സര്‍ക്കാരില്‍ നിന്നും കാണുന്നതെന്ന് മലയാള മനസ് തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടര മാസത്തെ പ്രയാസങ്ങള്‍ക്ക് ഒടുവില്‍ ഹസൈനാര്‍ വീടണഞ്ഞ കഥകള്‍ കണ്ണു നിരക്കുന്നതാണ്.
Post a Comment
0 Comments