കാസര്‍കോട് (www.evisionnews.co): കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈലും തട്ടി. ഉദുമ പാക്യാര കുന്നില്‍ രക്ത്വേശ്വരി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപം പഴയ സ്വര്‍ണം എടുത്ത് വില്‍ക്കുന്ന കട നടത്തുന്ന പാക്യാര ബദരിയ നഗര്‍ സ്വദേശി ഹനീഫ തളങ്കരയില്‍ നിന്നാണ് രണ്ടു ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയും രണ്ട് മൊബൈലും തട്ടിയെടുത്തത്. ബുധനാഴ്ച വൈകുന്നേരം കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടയിലാണ് സംഭവം.
പാക്യാര കുന്നില്‍ രക്ത്വേശ്വരി ക്ഷേത്രത്തിന് സമീപത്ത് വെളള ഷിഫ്റ്റ് കാറിനടുത്ത് നില്‍ക്കുകയായിരുന്ന മൂന്നംഗ സംഘമാണ് ഹനീഫയെ തടഞ്ഞ് നിര്‍ത്തുകയും ബൈക്ക് ചവിട്ടിവീഴ്ത്തിയ ശേഷം മുഖം പൊത്തി പിടിച്ച് പാന്റിന്റെ കീശയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. ഹനീഫയുടെ നിലവിളി കേട്ട് പരിസരത്തെ വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും അക്രമിസംഘം കാറില്‍ കയറി കണ്ണംകുളം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ഹനീഫ തളങ്കരയെ തടഞ്ഞുനിര്‍ത്തി ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്നിരുന്നു. ഹനീഫയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments