നിലമ്പൂര്‍ (www.evisionnews.co): സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ്‌ബെല്ലില്‍ ഇതാദ്യമായി മുണ്ടേരി വാണിയംപുഴ കോളനിയിലെ വിദ്യാര്‍ഥികള്‍ ഭാഗമായി. കഴിഞ്ഞ പ്രളയത്തില്‍ വൈദ്യുതി നഷ്ടമായ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം ലഭിച്ചത് മുസ്ലിം യൂത്ത് ലീ?ഗിന്റെ കാരുണ്യ പ്രവര്‍ത്തനത്താലാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും കൈമാറിയ ടിവിയിലൂടെ ആദ്യമായി വിദ്യാര്‍ഥികള്‍ ഈ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി. കോളനിയിലെ സോളാര്‍ വൈദ്യുതി സംവിധാനവും, ഡി ടി എച്ചും, ഹോം തിയറ്റര്‍ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ടെലിവിഷനിലൂടെ കുട്ടികള്‍ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമാകുന്നത്.
കോളനിയിലെ വിദ്യാര്‍ഥികളുടെ ദുരവസ്ഥ മാധ്യമ വാര്‍ത്തകളിലൂടെ മനസിലാക്കിയാണ് യൂത്ത് ലീ?ഗ് നേതാക്കള്‍ സ്മാര്‍ട്ട് ടിവിയും, ഡി ടി എച്ച് സംവിധാനവുമായി കോളനിയിലെത്തിയത്. അിസാഹസികമായി കോളനിവാസികള്‍ താല്‍ക്കാലികമായി നിര്‍മിച്ച ചങ്ങാടത്തിലൂടെയാണ് ഇവര്‍ കുത്തിയൊഴുകുന്ന ചാലിയാര്‍ പുഴ മറികടന്ന് കാട്ടിലേക്കെത്തിയത്.
2019ലെ പ്രളയത്തില്‍ വാണിയംപുഴ കോളനിയുടെ നല്ലൊരു ശതമാനം വീടുകളും തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മറ്റൊരിടത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക്ക് ഷീറ്റ് കൂരകളിലാണ് ഇവിടെയുള്ള 34ഓളം കുടുംബങ്ങള്‍ കഴിയുന്നത്. വൈദ്യുതിയും മൊബൈല്‍ നെറ്റ് വര്‍ക്കുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ സാധിക്കാത്ത വിഷമത്തിലായിരുന്നു കുട്ടികളും, രക്ഷിതാക്കളും. ഇവിടത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ അടക്കം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെയാണ് വാര്‍ത്തയറിഞ്ഞ് ടെലിവിഷനുമായി മുനവറലി തങ്ങളും, പി കെ ഫിറോസും എത്തുന്നത്.
ഒരാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ഈ കുട്ടികള്‍ പൂര്‍ണമായും പുറത്തായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം അവകാശമായൊരു രാജ്യത്ത് ഈ കുട്ടികള്‍ അനുവഭിച്ചിരുന്നത് പൂര്‍ണമായ അവഗണനയാണ്. സ്വന്തമായി ലഭിച്ച ടിവിയില്‍ ഇക്കൊല്ലം ആദ്യമായി പാഠഭാഗങ്ങള്‍ കണ്ടപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ ചിരി തന്നെയാണ് ഈ പ്രവര്‍ത്തനത്തിന് യൂത്ത് ലീഗിന് ലഭിച്ച അംഗീകാരമെന്ന് മുനവറലി തങ്ങള്‍ പറഞ്ഞു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇതിനടുത്തുള്ള ഇരുട്ടുകുത്തി കോളനിയിലേക്കും ഒരു ടിവി നല്‍കാന്‍ മുസ്ലിം യൂത്ത് ലീ?ഗ് തീരുമാനമെടുത്തതായി തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തില്‍ കോളനിയിലേക്കുള്ള നടപ്പാലം തകര്‍ന്നിരുന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലവും ഏതാനും ദിവസങ്ങള്‍ക്കകം നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇക്കരയ്ക്കുള്ള യാത്ര. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഈ കോളനികളില്‍ പതിയേണ്ടതുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രളയദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രാദേശിക റോഡുകള്‍ നന്നാക്കുന്നതിനേക്കാളും പ്രാധാന്യവും പരിഗണനയും ഈ കോളനയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. കൊറോണ പ്രതിസന്ധി അവസാനിച്ച് സ്‌കൂളുകള്‍ ആരംഭിച്ചാലും മഴക്കാലത്ത് കുത്തിയൊലിക്കുന്ന ഈ പുഴകടന്ന് സ്‌കൂളുകളിലേക്ക് ഇവര്‍ക്ക് പോകാനാകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വേണ്ടപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് പികെ ഫിറോസ് പറഞ്ഞു.
കോളനിയിലെ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെയാണ് ടെലിവിഷന്‍ കൈമാറിയത്. ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ പി രാമചന്ദ്രന്‍, പികെ സുരേഷ് കുമാര്‍, വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം ശശികുമാര്‍, എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലി, ബദല്‍ സ്‌കൂള്‍ അധ്യാപകരായ അബ്ദുല്‍ ഗഫൂര്‍, ഉമ്മുല്‍ വാഹിദ, നിലമ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് അധ്യക്ഷന്‍ സിഎച്ച് കരീം, ജനറല്‍ സെക്രട്ടറി ഡോ അന്‍വര്‍ ഷാഫി ഹുദവി, അബ്ദുല്‍ ഹക്കീം, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി സംബന്ധിച്ചു.
Post a Comment
0 Comments