Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കല്‍ ഹരജി: കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി (www.evisionnews.co): കൈമാറ്റ നടപടികള്‍ അനന്തമായി നീളുന്ന കാസര്‍കോട് ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഭെല്‍ ഇഎംഎല്‍ ഇന്‍ഡിപ്പെന്‍ഡന്റ് എംപ്ലോയീസ് യൂണിയന് (എസ്ടിയു) വേണ്ടി ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് അനു ശിവരാമനാണ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. ഒരാഴ്ചക്കകം സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണം. ഹരജി ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും. 

2016ല്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയാന്‍ തീരുമാനിച്ചഭെല്‍ ഇ.എം.എല്‍ 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താതെ ഉല്പാദനവും മുടങ്ങി കമ്പനി തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എസ്. ടി. യു യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

2010 വരെ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ യൂണിറ്റാണ് 2011 മാര്‍ച്ച് 28 മുതല്‍ ഭെല്‍ ഇ.എം.എല്‍ ആയി മാറിയത്. 12ഏക്കര്‍ സ്ഥലവും ഫാക്ടറിയും മെഷിനറികളും അനുബന്ധ ഉപകരണങ്ങളുമെല്ലാം കൂടി കേവലം 10.5 കോടി രൂപ മാത്രം വില കണക്കാക്കി 51 ശതമാനം ഓഹരികള്‍ ഭെല്ലിന് കൈമാറുകയായിരുന്നു. ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു എങ്കിലും ചെയര്‍മാനും മാനേജിംഗ് ഡയരക്ടറും ഒന്നൊഴികെ മുഴുവന്‍ ഡയരക്ടര്‍മാരും ഭെല്ലിന് തന്നെയായിരുന്നു.

നിതി അയോഗിന്റ ശുപാര്‍ശ പ്രകാരം ഓഹരികള്‍ ഒഴിവാക്കാനുള്ള മുഴുവന്‍ നടപടികളും സ്വീകരിച്ചു എങ്കിലും കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവാത്തത് കാരണം ജീവനക്കാര്‍ക്ക് കഴിഞ്ഞ 19 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷമായി പി.എഫ് വിഹിതം അടക്കാത്തതിനാല്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല.


ശമ്പളത്തിന് വേണ്ടി ജീവനക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷമായി സമരത്തിലാണ്. സ്ഥാപനം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് നഗരത്തില്‍ സത്യാഗ്രഹം നടത്തുകയും എസ്.ടി.യു ജില്ലാ കമ്മിറ്റി നിരന്തര സമരം നടത്തുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad