കാസര്‍കോട് (www.evisionnews.co): തെറ്റുകള്‍ മാത്രം ചെയ്യുന്ന ജില്ലാ കലക്ടര്‍ തനിക്ക് തെറ്റുപറ്റുന്നില്ല എന്നു വരുത്തി തീര്‍ക്കാന്‍ നടത്തുന്നശ്രമം അങ്ങേയറ്റം പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ പ്രസ്താവിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച് ഷോ ബിസിനസ് നടത്തുന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ കോമാളിയാവരുത്.
കൊറോണക്കാലത്ത് ഭരിക്കാന്‍ മറന്ന കലക്ടര്‍ വടിയും പിടിച്ച് റോഡിലിറങ്ങുന്നവരെ ആട്ടിയോടിക്കുന്ന കാഴ്ച ജനങ്ങള്‍ കണ്ടതാണ്. ട്രാഫിക് പോലീസിന്റെ ജോലി അവര്‍ ചെയ്യും. അതിന് ഐഎഎസ് പട്ടവും പിആര്‍ വര്‍ക്കുമൊന്നും വേണമെന്നില്ല. കോറോണ വൈറസ് പ്രതിരോധ നടപടി സ്വീകരിക്കുന്നതിലും നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും സുരക്ഷയും ക്വാറന്റൈനും ഒരുക്കുന്നതിലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജില്ലയിലെ ജന പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പരിഹരിക്കുന്നതിന് പകരം ചില ദല്ലാളന്മാരെ കൊണ്ട് മറുപടി പറയിപ്പിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മലയാളികള്‍ യാതൊരു സുരക്ഷയുമില്ലാതെ ദിവസങ്ങളോളം പെരുവഴികളില്‍ നരകയാതന അനുഭവിക്കുകയായിരുന്നു. ഇതിന് പരിഹാരം കാണണമെന്നാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നത്. കൊറോണ ബാധിതരെ ആദ്യഘട്ടത്തില്‍ പ്രവേശിപ്പിച്ചിരുന്ന കാസര്‍കോട് ജനറല്‍ ആസ്പതിയില്‍ കലക്ടര്‍ എത്തിയത് രോഗികള്‍ എല്ലാം അസുഖം ഭേദമായി പോയതിന് ശേഷമായിരുന്നു.
കോറോണ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയപ്പോള്‍ ജനപ്രതിനിധികളെ ഒഴിവാക്കി യോഗം വിളിച്ചു. കലക്ടര്‍ക്ക് ജനപ്രതിനിധികളോട് പുച്ഛമാണ്. ജനപ്രതിനിധികളുടെ ഫോണ്‍ പോലും എടുക്കാന്‍ കലക്ടര്‍ തയ്യാറാവുന്നില്ല. എത്ര വലിയ ഉന്നതനായ ഉദ്യോഗസ്ഥനായാലും പ്രാട്ടോകോളിന്റെ ഏത് അളവ് കോല്‍ വെച്ച് നോക്കിയാലും ജനപ്രതിനിധികളെക്കാള്‍ ഏറെ പിന്നിലാണ് ഇത്തരം ഉദ്യോഗസ്ഥര്‍.
ചീഫ് സെക്രട്ടറി ടോം ജോസിന് തിരുവനന്തപുരത്ത് നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കാസര്‍കോട് ജില്ലാ കളക്ടറെ കുറിച്ചാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തടസമെന്ന് കരുതുന്ന ചിലരെങ്കിലും സിവില്‍ സര്‍വീസിലുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുസ്ലിം ലീഗിലെ 90 ശതമാനം പ്രവര്‍ത്തകരും തനിക്ക് അനുകൂലമാണെന്നാണ് കലക്ടര്‍ പറയുന്നത്. സി.പി.എം.ഏരിയാ സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്ന ജില്ലാ കലക്ടറെ പിന്തുണക്കേണ്ട ഗതികേട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കില്ലെന്ന് അബ്ദുള്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു രാഷ്ട്രിയക്കാരന്റെ സ്വരത്തിലാണ് ഈ കണക്കുകള്‍ പറഞ്ഞിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രിയ പിന്തുണ കണക്കാക്കി പറയുന്നത് അല്പത്തരമാണ്.
ജില്ലാ കളക്ടര്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങിനെ തരം താഴരുത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലും കലക്ടറുടെ റോള്‍ എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ പദവികള്‍ ലഭ്യമാകുന്നതിന് വേണ്ടിയുള്ള ചരടുവലികളും പാദസേവകളും നടത്തുന്നതിനിടയില്‍ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാന്ന് കലക്ടര്‍ നടത്തുന്നതെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments