പെര്‍ള (www.evisionnews.co): കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചെര്‍ക്കള- കല്ലടുക്ക സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന സാറടുക്ക ചെക്പോസ്റ്റ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത് കൊണ്ട് എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളില്‍പെടുന്ന എഴുനൂറോളം കുടുംബങ്ങള്‍ കേരളവുമായി ബന്ധം നഷ്ടപ്പെടുകയും പൂര്‍ണമായി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഈ വിഷയത്തില്‍ കാസര്‍കോട് എംപി, മഞ്ചേശ്വരം എംഎല്‍എ എന്നിവര്‍ ഇടപെടുകയും കര്‍ണാടക സര്‍ക്കാരും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി ജനങ്ങളുടെ ആവശ്യമുന്നയിക്കുകയും ചെയ്‌തെങ്കിലും ഇതുവരെയും കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ തയാറായിട്ടില്ല. വിഷയത്തില്‍ ബിജെപി ജനപ്രതിനിധികള്‍ ദക്ഷിണ കന്നഡ ചുമതലയുള്ള മന്ത്രിയുമായി സംസാരിക്കുകയും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. അതിര്‍ത്തി തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി കര്‍ണാടക സര്‍ക്കാര്‍നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂത്തിനും നിവേദനം നല്‍കിയിരുന്നു. എന്‍മകജെ പഞ്ചായത്ത് യുഡിഎഫും വിഷയത്തില്‍ സമരം ചെയുകയും പ്രശ്‌നപരിഹരത്തിനായി ഇടപെടുകയും ചെയ്തിരുന്നു.
എന്‍മകജെ പഞ്ചായത്തില്‍പെടുന്ന ഒന്നും രണ്ടും വാര്‍ഡിലെ ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസ്, പിഎച്ച്‌സി, റേഷന്‍ സാധനങ്ങള്‍ എന്നിവയ്ക്ക് കേരളത്തില്‍ വരണമെങ്കില്‍ കര്‍ണാടകയില്‍ ഉള്‍പ്പെടുന്ന സാറട്ക്ക ചെക്ക്‌പോസ്റ്റ് വഴി മാത്രമേ വരാന്‍ സാധിക്കൂ. ചെക്ക്‌പോസ്റ്റ് അടച്ചതോടെ ഇവരുടെ റേഷന്‍ വിതരണം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ നിഷേധിക്കുന്ന അവസ്ഥ വരുകയും എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ ഇടപെടലുകള്‍ കൊണ്ട് ഇവര്‍ക്ക് നേരിട്ട് റേഷന്‍ സാധങ്ങള്‍ എത്തിക്കാനും ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്തുവാനും സാധിച്ചു.
എന്നാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയപ്പോഴും കര്‍ണാടക സര്‍ക്കാരിന്റെയും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും പിടിവാശികൊണ്ട് ഒറ്റപ്പെട്ടുപോയ ഈ ഗ്രാമീണ ജനങ്ങള്‍ ദുരിതത്തില്‍ കഴിയേണ്ട അവസ്ഥയിലാണ്.
അതിര്‍ത്തി അടച്ചത് കൊണ്ട് ജനങ്ങള്‍ പ്രയാസത്തിലാണെന്നും കര്‍ണാടക സര്‍ക്കാരിന്റെയും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും നീതി നിഷേധവും മനുഷ്യത്വ രഹിതവുമായ സമീപനത്തെ ചോദ്യം ചെയ്ത് എന്‍മകജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സോമശേഖര്‍ ജെഎസ്, വാര്‍ഡ് മെമ്പര്‍ ഐത്തപ്പ കുലല്‍, രാധാകൃഷ്ണ നായക് ഷേണി എന്നിവര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇടപെടണമെന്നും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവത്തണമെന്നും ആവശ്യം ഉന്നയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ നിലപാടില്‍ നിരാശരായ ഇവിടുത്തെ ജനങ്ങള്‍ കോടതിയുടെ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
Post a Comment
0 Comments