കാസര്‍കോട്: ചെര്‍ക്കള കല്ലടുക്ക ദേശീയ പാത കര്‍ണാടക പൂര്‍ണമായും അടച്ചതോടെ എന്‍മകജെ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ഒറ്റപ്പെട്ട നിലയില്‍. ഒന്നും രണ്ടും വാര്‍ഡുകളായ സായ, ചവര്‍ക്കാട് നിവാസികളാണ് അങ്ങോട്ടുമിങ്ങോട്ടും പോകാനാവാതെ ദുരിതത്തിലായത്. കര്‍ണാടകയിലെ ആസ്പത്രികളില്‍ ചികിത്സ നിഷേധിക്കുകയും ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഗര്‍ഭിണികളും നിത്യരോഗികളും.
റോഡില്‍ ബാരിക്കേഡ് കെട്ടി പൂട്ടിയതിനാല്‍ കേരളത്തിലെ പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും ഒന്നിനും ഇങ്ങോട്ടേക്ക് എത്താനാവാത്ത സ്ഥിതിയാണ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പത്തോളം സ്ഥലങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ജനപ്രതിനിധികള്‍ ഇടപെട്ട് റേഷന്‍ വിതരണ സംവിധാനം ചവര്‍ക്കാട് താല്‍കാലികമായി ഒരുക്കിയെങ്കിലും മറ്റു അവശ്യ സാധനങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണെന്ന് പഞ്ചായത്തംഗം ജയശ്രീ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
അവശ്യ സര്‍വീസുകളും അനുവദിക്കുന്നില്ല. ഇതോടെ ഏകദേശം 700 കുടുംബങ്ങളാണ് പുറംലോകം കാണാതെ പൂര്‍ണമായും ഒറ്റപ്പെട്ടുകഴിയുന്നത്. കര്‍ണാടക അധികൃതരുമായി എംഎല്‍എ, എംപി അടക്കമുള്ളവര്‍ സംസാരിച്ചെങ്കിലും ഒരുനിലക്കും യാത്ര അനുവദിക്കില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ നേരത്തെ ബാക്കിലപദവിലെ ഒരു പുഴ കടന്നാണ് ഈ പ്രദേശത്തുള്ളവര്‍ നെല്‍ക്കള വഴി പെര്‍ളയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പുഴയില്‍ വെള്ളം നിറഞ്ഞതോടെ ഈ തോടുവഴിയും ഇല്ലാതായി. ചവര്‍ക്കാട് വഴി കേരളാതിര്‍ത്തിയിലേക്കുള്ള മറ്റൊരു 'പുഴ' പാതയും മഴക്കാലയമായതോടെ ഇല്ലാതായി. ഇതോടെ പ്രദേശത്തുകാര്‍ പുറത്തുകടക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ കുടുങ്ങിയിരിക്കുകയാണ്.
Post a Comment
0 Comments