മലപ്പുറം (www.evisionnews.co): സംസ്ഥാനത്ത് കോവിഡിന്റെ മറവില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തി യുവാക്കളുടെ പ്രതീക്ഷ തകര്‍ക്കുന്ന ഇടത് സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ജനങ്ങള്‍ കോവിഡിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ എല്ലാ മേഖലയിലും തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
വിവിധ റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കെ തന്നെ തങ്ങളുടെ സ്വന്തക്കാരെ തിരുകി കയറ്റാന്‍ പിന്‍വാതില്‍ നിയമനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. താത്കാലിക നിയമനങ്ങള്‍ നിര്‍ത്തിവെച്ച് റാങ്ക് ലിസ്റ്റില്‍ നിന്നും സ്ഥിര നിയമനം നടത്തണമെന്നും കോവിഡ് കാലത്ത് കാലാവധി തീര്‍ന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ബിരുദധാരികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിനെ അട്ടിമറിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഒമ്പതിനായിരത്തോളം ഒ.എം.ആര്‍ ഷീറ്റുകള്‍ കമ്പ്യൂട്ടറൈസ്ഡ് വാല്യൂയേഷനില്‍ റിജെക്ട് ചെയ്യപ്പെട്ടത് ഗുരുതരമായ ഗൂഡോലോചനയുടെ ഭാഗമാണ്. ഇത് സംബന്ധമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസി വിഷയത്തില്‍ സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചു. പ്രവാസി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ 24ന് മുനവ്വറലി തങ്ങള്‍ കോഴിക്കോട് ഏകദിന ഉപവാസം നടത്തും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍,പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി,പി.ജി മുഹമ്മദ്,ആഷിക്ക് ചെലവൂര്‍,വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്,പി.പി അന്‍വര്‍ സാദത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments