കാസര്‍കോട് (www.evisionnews.co): കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു. കോവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്ക് മുമ്പ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കളനാട്ടെ ഫറാഷിന്റെ ഭാര്യ റസീനയാണ് മതിയായ ചികിത്സ കിട്ടാതെ വീട്ടില്‍ പ്രസവിച്ചത്.
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭര്‍ത്താവിനും ഭാര്യയ്ക്കും കോവിസ് പോസിറ്റീവായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആസ്പത്രി വിട്ടതിന് ശേഷം ഇരുപത് ദിവസത്തോളം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അതിനിടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. വാഹനം റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മേല്‍പറമ്പ് സിഐയെ വിവരമറിയിച്ചു. എന്നാല്‍ സഹായാഭ്യര്‍ത്ഥന നിരസിക്കുകയും കള്ളം പറയുകയാണെന്നും പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നുമാണ് സിഐ പ്രതികരിച്ചതെന്ന് ഫറാഷിന്റെ പിതാവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
അതിനിടെ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് മുമ്പ് യുവതിയുടെ പ്രസവം നടക്കുകയും ചെയ്തിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഉദുമയിലെ ഒരു ഗവ ഡോക്ടറെ സമീപിച്ച് വിവരമറിയിച്ചപ്പോള്‍ അദ്ദേഹവും വരാന്‍ കൂട്ടാക്കിയില്ല. ദേളിയിലെ ഒരു സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിക്കാന്‍ പറഞ്ഞ് അദ്ദേഹം കയ്യൊഴിഞ്ഞു. തുടര്‍ന്ന് ബന്ധുകൂടിയായ ഡിവൈഎസ്പി ഹസൈനാറുമായി ബന്ധപ്പെടുകയും നഴ്‌സുമാരെയും ആംബുലന്‍സും ഏര്‍പ്പാട് ചെയ്യുകയും അമ്മയെയും കുഞ്ഞിനെയും ചെങ്കളയിലെ സഹകരണ ആസ്പത്രിയിലേക്ക് കൊണ്ടുവരികയും ചെയ്തു.
ആസ്പത്രിയിലാക്കി നഴ്‌സുമാര്‍ പോയതിന് ശേഷം കോവിഡ് പോസിറ്റീവായിരുന്ന കാര്യം മറച്ചുവെച്ചെന്നാരോപിച്ച് ആസ്പത്രിയില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കോവിഡ് പോസിറ്റീവായി ആസ്പത്രി വിട്ടവരോട് പോലീസ് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് സംഭവത്തിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവം പരസ്യമായതോടെ വിവിധ മേഖലയില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.
Post a Comment
0 Comments