കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ കുടുംബശ്രീ കഫേയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നഗരത്തിലെ വ്യാപാരികളില്‍ നിന്നും പിടിച്ചെടുത്ത് സ്വന്തം ഗോഡൗണില്‍ സൂക്ഷിച്ച നിരോധിത പാന്‍പരാഗടക്കമുള്ള ലഹരി വസ്തുക്കള്‍ മോഷണം നടന്ന സംഭവവും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കമ്മ്യൂണിറ്റി കിച്ചണ്‍ അഴിമതിയുമായി ബന്ധപ്പെട്ട് നഗരസഭ വനിത കൗണ്‍സിലറേയും കുടുംബത്തേയും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ദിവസങ്ങളോളമായി അപമാനിച്ചു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണിന്റെ പാചകം ചെയ്യുന്ന സ്ഥലത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ പ്രചാരണം നടത്തുന്നത്.
പാന്‍പരാഗ് മോഷണം പോയിട്ട് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മോഷണത്തെകുറിച്ച് ഇത് വരേയും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. മുനിസിപ്പല്‍ സെക്രട്ടറിയോടും ഹെല്‍ത്ത് സൂപ്പര്‍വൈസറോടും അന്വേഷിച്ചപ്പോള്‍ വകുപ്പുതല അന്വോഷണം നടക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പറയുന്നു. എന്നാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ചെയര്‍പേര്‍സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് എന്നിവര്‍ അറിയിച്ചത്.
Post a Comment
0 Comments