കാസര്‍കോട് (www.evisionnews.co): മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് കോഴിയുമായി പോവുകയായിരുന്ന പിക്ക് അപ്പ് വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്കും കൂടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളിക്കും പോലീസിന്റെ ക്രൂര മര്‍ദ്ദനം. ശനിയാഴ്ച രാവിലെ കറന്തക്കാട് വെച്ചായിരുന്നു സംഭവം.
പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് ചൂരിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന ഉളിയത്തടുക്കയിലെ ബദ്‌റു, അതിഥി തൊഴിലാളി അജേഷ് എന്നിവര്‍ക്കാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ദുരനഭവമുണ്ടായത്. പിക്ക് അപ്പ് ഡ്രൈവര്‍ മാസ്‌ക് ധരിച്ചില്ലന്ന് പറഞ്ഞാണ് വാഹനം തടഞ്ഞ് നിര്‍ത്തിയത് പോലീസുകാര്‍ എസ്.ഐ വന്ന് ഫൈന്‍ അടച്ച് പോയാല്‍ മതിയെന്ന് പറഞ്ഞു.
കുറച്ച് സമയം ശേഷം അവിടെ എത്തിയ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ സംഭവം ചോദിക്കുന്നതിനിടയില്‍ തന്നെ ലാത്തികൊണ്ട് ഇരുകാലുകളിലേക്കും അടിക്കുകയായിരുന്നുവെന്നും നോമ്പുകാരനാണെന്നും ആക്‌സിഡന്റില്‍ പരിക്കുപറ്റിയ കാലാണെന്നും പറഞ്ഞപ്പോള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറി പറഞ്ഞതായും ബദ്‌റു പറഞ്ഞു.
മാസ്‌ക് ധരിച്ച് പിക്ക്അപ്പിലുണ്ടായിരുന്ന അതിഥി തൊഴിലാളി അജേഷിന്റെ പേരില്‍ ആയിരം രൂപ ഫൈന്‍ ഈടാക്കിയതിന് ശേഷമാണ് വിട്ടയച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും ബദ്‌റു പറഞ്ഞു. കോഴി സപ്ലൈ ചെയ്യുന്നതിന് ജില്ലാ ഭരണകൂടം ഇവര്‍ക്ക് പാസ്സ് അനുവദിച്ചിട്ടുണ്ട്.
Post a Comment
0 Comments