കാസര്‍കോട് (www.evisionnews.co): കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ഹോട്ട് സ്‌പോട്ടുകളില്‍ ബാധകമല്ല. കാസര്‍കോട് ജില്ലയിലെ ഹോട്‌സ്‌പോട്ട് മേഖലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി മെയ് 17വരെ തുടരും.
കാസര്‍കോട് നഗരസഭ, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, ഉദുമ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് കാസര്‍കോട് ജില്ലയിലെ നിലവിലെ ഹോട്‌സ്‌പോട്ടുകള്‍. ഈപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ തന്നെ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ കാസര്‍കോട് ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രോഗബാധ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത്, നഗരസഭ മുഴുവന്‍ അടച്ചിടുമെന്നാണ് ഔദ്യോഗിക വിവരം. ഇതനുസരിച്ച് ഈ നഗരസഭ, പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ ബാധകമാകില്ല.
ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവുകള്‍ ഇങ്ങനെ...
-രാവിലെ ഏഴു മുതല്‍ അഞ്ച് വരെ കടകള്‍ തുറക്കാം
ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിരോധനാജ്ഞയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ് നാല് മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഏഴുമണിക്ക് കടതുറക്കാന്‍ എന്ന ആവശ്യമുന്നയിച്ച് ആരെയും ഏഴുമണിക്കു മുമ്പ് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
-സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാം
-അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറികള്‍ തുറക്കാം
മെയ് നാല് മുതല്‍ അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസര്‍, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.
-ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകള്‍, പ്രീന്റിംഗ് പ്രസുകളും എല്ലാ ചൊവാഴ്ചയും തുറന്ന് വൃത്തിയാക്കാം. എന്നാല്‍ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
-ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വീസ് അനുവദിക്കും. ടാക്സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും ടാക്സിയില്‍ കയറുന്നതിനു മുമ്പ് സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.
-അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ (റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, ലേബര്‍, ആര്‍ ടി ഒ, ഭക്ഷ്യ സുരക്ഷാ ലകുപ്പ്, പി ഡബ്ല്യു ഡി, ഇറിഗേഷന്‍, എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രി, സിവില്‍ സപ്ലൈസ് )മെയ് നാല് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കെഎസ്ആര്‍ടിസി നടത്തും.
Post a Comment
0 Comments