Type Here to Get Search Results !

Bottom Ad

രാജ്യത്ത് കോവിഡ് ബാധിതര്‍ 35,000 കടന്നു: മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗികള്‍ കൂടുന്നു


(www.evisionnews.co) കോവിഡ് പ്രതിരോധത്തിന് രാജ്യവ്യാപകമായി മൂന്നാംഘട്ട ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് കോവിഡ് രോഗികളിൽ വൻ വർദ്ധന. ആകെ 35,365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1755 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 1008 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 26 പേര്‍ മരിച്ചു. 

സംസ്ഥാനത്ത് ആകെ 11,506 കോവിഡ് കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. 751 പേർക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് രോഗികളിൽ വൻ വർദ്ധന ഇതാദ്യമാണ്. നഗരത്തിൽ മൊത്തം രോഗികൾ 7625. രണ്ടാമത് ഗുജറാത്താണ്. 326 പുതിയ കേസുകൾ ഗുജറാത്തില്‍ കണ്ടെത്തി. രാജ്യത്ത് ഇതുവരെ 1152 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ടത്. 77 പേർ. എന്നാൽ ആശ്വാസകരമായത് രോഗമുക്തിയുടെ കാര്യത്തിലാണ്. 9065 പേർക്കാണ് രോഗംഭേദമായത്. അതായത് 25 ശതമാനത്തിലധികം. ശരാശരി 2000 പേർക്ക് പ്രതിദിനം അസുഖം കണ്ടെത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ലവ് അഗർവാൾ അറിയിച്ചു. 

മധ്യപ്രദേശിലെ ഇൻഡോറിലും മഹാരാഷ്ട്രയിലെ പൂനെയിലും നാല് വീതം കോവിഡ് മരണങ്ങൾ ഉണ്ടായി. രാജസ്ഥാനിൽ മൂന്നു പേരാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ ഒരു മരണവും. അതേസമയം മധ്യപ്രദേശിൽ രോഗികളുടെ എണ്ണം 2715 ആയി. ഇവിടെ മരിച്ചവരുടെ എണ്ണം 145 ആയി ഉയര്‍ന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad