Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്ക് ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍: ഗര്‍ഭിണികളെയും കുട്ടികളെയും വീട്ടില്‍ നിരീക്ഷിക്കും

കാസര്‍കോട് (www.evisionnews.co): വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ കാസര്‍കോട് ജില്ലയുടെ തെക്കുഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഇതിനായി നോഡല്‍ ഓഫീസറായി സബ് കലക്ടറെ ചുമതലപ്പെടുത്തി. 

വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള ക്വറന്റൈന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് രോഗ നിര്‍ണയത്തിനായി സ്രവം എടുത്ത് പരിശോധിക്കും. കോവിഡ്-19രോഗം സ്ഥിരീകരിച്ചാല്‍ ഇവരെ തുടര്‍ ചികിത്സക്കായി ആസ്പത്രികളിലേക്ക്മാറ്റും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഏഴുദിവസത്തെ സ്ഥാപന ക്വാറൈന്റെനില്‍ നിന്ന് ഒഴിവാക്കും.

പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ടുള്ളവരെ തുടര്‍നിരിക്ഷണത്തിന് ക്വാറന്റൈന്‍ ചെയ്യുന്നതിന് സ്വന്തം വീട്ടില്‍ മതിയായ സൗകര്യം ഉളളതായി തദ്ദേശ സ്ഥാപന വാര്‍ഡ്തല സമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം ഇവരെ സ്വന്തം വീടുകളിലേക്ക് മാറ്റും. സ്വന്തം വീട്ടില്‍ മതിയായ സൗകര്യം ഇല്ലാത്ത പ്രവാസികളെ (വീട്ടില്‍ മതിയായ സൗകര്യം ഉണ്ടായിട്ടും പ്രത്യേകമായി താമസിക്കുന്നതിന് താല്‍പര്യപ്പെടുന്നവരെയും) പ്രത്യേകമായി താമസിപ്പിക്കും. ഇതിനായി ജില്ലാ ഭരണകൂടം 380 ലോഡ്ജ് മുറികള്‍ കണ്ടെത്തിയിട്ടുണ്ട്.അത്തരത്തില്‍ ലഭ്യമായിട്ടുളള മുറികള്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രതിദിനം വാടക ഈടാക്കി അനുവദിക്കും. 

സ്വന്തമായി വീട് സൗകര്യമില്ലാത്തവര്‍ക്കും വാടക കൊടുക്കാന്‍ കഴിയാത്തവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം ഒരുക്കും. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആളൊന്നിന് പ്രതിദിനം 60 രൂപ (കുട്ടികള്‍ക്ക് 45 രൂപ)സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും. ഈ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിക്കുന്നതിന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ആര്‍ടിഒഎന്നിവരെ കലക്ടര്‍ ചുമതലപ്പെടുത്തി. ഇങ്ങനെ ക്രമീകരിച്ച ബസുകളില്‍ പരമാവധി 24പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

Post a Comment

0 Comments

Top Post Ad

Below Post Ad