കാസര്‍കോട് (www.evisionnews.co): കോവിഡ് ലോക് ഡൗണിന്റെ മറവില്‍ ജനങ്ങളെ തല്ലിച്ചതക്കുന്ന പോലീസ് ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സലൂണ്‍ തുറപ്പിച്ച് താടിയും മുടിയും വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബദിയടുക്ക ടൗണിലാണ് സംഭവം. ബദിയടുക്കയില്‍ സലൂണ്‍ നടത്തുന്നയാളെ സ്ഥലത്തെ എഎസ്‌ഐ രാത്രി എട്ടുമണിക്ക് ശേഷം കടയിലേക്ക് വിളിപ്പിക്കുകയും കട തുറപ്പിക്കുകയുമായിരുന്നു. ഒരു കോണ്‍സ്റ്റബിളും കൂടെയുണ്ടായിരുന്നു. ഇരുവരും തലമുടിയും താടിയും സെറ്റ് ചെയ്ത് ശേഷം കട വീണ്ടും അടപ്പിക്കുകയായിരുന്നു. താന്‍ വീട്ടിലിരിക്കുമ്പോഴാണ് പോലീസ് കട തുറക്കാന്‍ വിളിപ്പിച്ചതെന്നും സലൂണ്‍ ഉടമ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ ബദിയടുക്കയിലെ കടയിലെത്തുന്നതും സലൂണ്‍ ഉടമയെ വിളിപ്പിച്ച് കട തുറപ്പിക്കുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബാര്‍ബര്‍ ഷോപ്പുകള്‍ ഒരു കാരണവശാലും തുറക്കരുതെന്നും കോവിഡ് വ്യാപനത്തിന് സാധ്യതയേറെയുണ്ടെന്നും സര്‍ക്കാറും ആരോഗ്യവകുപ്പും നിര്‍ദേശിക്കുമ്പോഴാണ് സ്വകാര്യ ആവശ്യത്തിന് വേണ്ടി നിയമം കാറ്റില്‍ പറത്തി പോലീസുദ്യോഗസ്ഥരുടെ പരസ്യമായ നിയമലംഘനം.
നാടുനാളെ അവശ്യ സാധനങ്ങള്‍ക്ക് പോലും ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും രോഗികളെയും ഗര്‍ഭിണികളെയും വരെ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്യുമ്പോഴാണ് ആ പോലീസ് തന്നെ നിയമം പരസ്യമായി ലംഘിക്കുന്നത്. ബാങ്കിലേക്കും റേഷന്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും തല്ലിയോടിക്കുകയാണ് പോലീസ്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ആരോഗ്യം ക്ഷയിച്ച ഒരാളെ വീട്ടിലേക്ക് ഭക്ഷ്യസാധനങ്ങളുമായി പോകുമ്പോള്‍ ഓട്ടോ നിര്‍ത്തുകയും അയാളെ ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തന്റെ ബലമില്ലാത്ത ചുമലില്‍ സാധനങ്ങള്‍ കയറ്റി വളരെ ദൂരം നടന്നാണ് അവശനായ അയാള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിയ വസ്ത്ര വ്യാപാരികളെ പോലും പോലീസ് വെറുതെ വിട്ടിരുന്നില്ല. കഴിഞ്ഞ 25ന് കറന്തക്കാട് ഒരു ഓട്ടോറിക്ഷ തടഞ്ഞ് പ്രസവവേദനയുമായി ആസ്പത്രിയിലേക്ക് പോകുന്ന പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ തിരിച്ചയച്ചത് വലിയ വാര്‍ത്തയായിരുന്നു.
Post a Comment
0 Comments