Type Here to Get Search Results !

Bottom Ad

ലോക് ഡൗണ്‍ ലംഘിച്ച് കാസര്‍കോട് നഗരമധ്യേ രണ്ടുനില മാളില്‍ കച്ചവടം പൊടിപൊടിക്കുന്നു

കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ ലംഘിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ രണ്ടുനില മാളില്‍ കച്ചവടം പൊടിപൊടിക്കുന്നു. അമ്പത് ദിവസത്തിലേറെ ചെറുകിട വ്യാപാരികളെ വീട്ടിലിരുത്തിയാണ് മാള്‍ ഒരു നിയന്ത്രണവുമില്ലാതെ തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതരുടെ ഒത്താശ നല്‍കിയിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ ബിഗ് ബസാറിലാണ് വസ്ത്ര വ്യാപാരവും മറ്റു അടുക്കള സാധനങ്ങളടക്കം കച്ചവടം പൊടിപൊടിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍, മരുന്നുകള്‍ എന്നീ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളെ മാത്രമാണ് ലോക്ഡൗണില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. എന്നാല്‍ ലോക്ഡൗണില്‍ ആദ്യ ദിവസം തൊട്ട് തന്നെ ബിഗ് ബസാറില്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് പുറമെ ഫാഷന്‍ സോണും മറ്റു എല്ലാ വിഭാഗത്തിലും കച്ചവടം നടക്കുന്നുണ്ട്. 

രണ്ടുദിവസം മുമ്പ് കാസര്‍കോട് ജില്ല ഓറഞ്ചു സോണില്‍ ഉള്‍പ്പെട്ടതോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായാണ് ഒറ്റ നിലയിലുള്ള ചെരുപ്പ്, ടെക്‌സ്‌റ്റൈല്‍സ് കടകള്‍ക്ക് കൂടി ആഴ്ചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കടകള്‍ തുറന്നിട്ടും കാര്യമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊതുഗതാഗതം നിലവില്‍ വരാത്തതും കാസര്‍കോടിന്റെ പരിസര പ്രദേശങ്ങളില്‍ കര്‍ശനമായ പോലീസ് നിയന്ത്രണവും ഒരുനിലക്കും നഗരത്തില്‍ യാത്രക്കാരില്ലാത്ത സാഹചര്യമാണുണ്ടാക്കുന്നത്. ചെറിയ കടകള്‍ മാത്രമാണ് നഗരത്തില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിഗ്ബസാര്‍ പോലുള്ള മാളുകളില്‍ അവശ്യ സാധനങ്ങള്‍ക്ക് പുറമെ വസ്ത്രങ്ങളും അടുക്കള സാമഗ്രികളുമെല്ലാം ലഭിക്കുമെന്നിരിക്കെ കടുത്ത പോലീസ് നിയന്ത്രണം ഭയന്ന് മറ്റു കടകളിലേക്ക് പോകുന്നില്ല. യാതൊരു നിയന്ത്രണവുമില്ലാതെ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മാളിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ വ്യാപാര വിരുദ്ധ നിലപാടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 










Post a Comment

0 Comments

Top Post Ad

Below Post Ad