കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ കോവിഡ് ബാധിതരുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയതിന് പള്ളിപ്പുഴയിലെ ഇംദാദിനെതിരെ കേസെടുത്തത് സര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേസെടുത്ത കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ഡാറ്റ ചോര്‍ന്നെന്ന് വ്യാജപ്രചാരണം നടത്തി തെറ്റിദ്ധാരണ പരത്തിയതിനാണ് കേസെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
എപ്രില്‍ 25നാണ് കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ടെ സ്വകാര്യ ഡോക്ടര്‍ കോവിഡ് രോഗം ഭേദമായവരെ ബന്ധപ്പെട്ട് സംസാരിക്കുന്നതടക്കം പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്തു. പത്തോളം പേര്‍ക്കും അവരും ബന്ധുക്കള്‍ക്കുമാണ് വിവരങ്ങള്‍ തേടി ഫോണ്‍ കോളുകള്‍ വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയുടെ വിശദാംശങ്ങളടക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കണ്ണൂരിലും മലപ്പുറത്തും പത്തനംതിട്ടയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡാറ്റ ചോര്‍ന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഗൗരവത്തിലെടുക്കേണ്ടെന്നുമാണ് അന്ന് സര്‍ക്കാരും ആരോഗ്യമന്ത്രിയും പ്രതികരിച്ചത്.
കോവിഡ് ബാധിച്ച വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാംഗ്ലൂരിലെ ഐടി സ്ഥാപനത്തില്‍ നിന്നും വന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ ഇംദാദ് പള്ളിപ്പുഴ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സ്പ്രിംഗ്ലര്‍ ഡാറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനിടെ ഡാറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കോവിഡ് ബാധിതര്‍ കോടതിയെ സമീപിച്ചാലുണ്ടാകുന്ന തിരിച്ചടി ഭയന്നാണ് പ്രതികാര നടപടിയെന്നാണ് വിലയിരുത്തല്‍.
തുടക്കം മുതലെ ഫോണ്‍ കോളെത്തിയ കോവിഡ് രോഗിയുടെ ബന്ധുകൂടിയായ ഇംദാദ് പള്ളിപ്പുഴയാണ് കേസില്‍ ഇടപെട്ടിരുന്നത്. വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വീഡിയോ ക്ലിപ്പ് തെളിവാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സാമൂഹിക മാധ്യമങ്ങളിലോ മറ്റോ വ്യാജം പ്രചരിപ്പിച്ചതായി തെളിവുകളില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Post a Comment
0 Comments