Type Here to Get Search Results !

Bottom Ad

എന്‍എച്ച് അന്‍വറിന്റെ സ്മരണയില്‍ ബദിയടുക്ക മെഡിക്കല്‍ കോളജിലേക്ക് സൗജന്യ വൈഫൈ


കാസര്‍കോട് (www.evisionnews.co): കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയുമായ എന്‍.എച്ച് അന്‍വറിന്റെ നാലാം ഓര്‍മ ദിനത്തോടനുബന്ധിച്ച് സി.സി.എന്‍ ഉദുമയുടേയും സി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബദിയഡുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ധാരണയായി. 

അന്‍വറിന്റെ ചരമദിനമായ മെയ് ഏഴിന് ജില്ലയില്‍ 'അന്‍വറോര്‍മ' എന്ന പേരില്‍ നടത്തിവരാറുള്ള മാധ്യമ പുരസ്‌ക്കാര വിതരണവും അനുസ്മരണ പരിപാടിയും ലോക് ഡോണിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി വകയിരുത്തിയ തുക കൂടി വിനിയോഗിച്ചാണ് സഹപ്രവര്‍ത്തകരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കോവിഡ് ആശുപത്രിയില്‍ സൗജന്യമായി ബ്രോഡ്ബാന്റ് കണക്ഷനും വൈഫൈ ഹോട്ട് സ്‌പോട്ടും സ്ഥാപിക്കുന്നത്. 

ജില്ലാ കലക്ടര്‍ ഡോ.സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദ്ദേശത്തോടെ സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍, കേരളാവിഷന്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര എന്നിവര്‍ മെഡിക്കല്‍ കോളേജിലെത്തി സ്‌പെഷ്യല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജരുമായ ഡോ. രാമന്‍ സ്വാതി വിമനുമായി സംസാരിച്ച് സേവനം സംബന്ധിച്ച നടപടികള്‍ ഉറപ്പാക്കി. ഇതിനായി 10കിലോ മീറ്ററോളം പുതിയ ഫൈബര്‍ ശൃംഖല, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരും. 

പദ്ധതി നിലവില്‍ വരുന്നതോടെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് പുറമെ രോഗികള്‍ക്കും നിശ്ചിത സമയത്തേക്ക് സൗജന്യ ബ്രോസ് ബാന്റ് സേവനം ലഭ്യമാകും. അടുത്ത ദിവസം മുതല്‍ തന്നെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് ഏഴിന് കേരള വിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കേബിള്‍ ടി.വി ദിനമായി ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ കേബിള്‍ ടി.വി നെറ്റ് വര്‍ക്കുകളിലും കേരള വിഷന്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad