കാസര്‍കോട് (www.evisionnews.co): കോവിഡ് ഭീതിയില്‍ നിന്ന് പതിയെ കരകയറുകയായിരുന്ന കാസര്‍കോട് ജില്ലയെ ആശങ്കയിലാഴ്ത്തി പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളാണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നത്.
ജില്ലയില്‍ ഇന്നലെ സ്ഥീകരിച്ച കോവിഡ് ഉദുമയിലെ 41കാരന്‍ 39ദിവസം മുമ്പ് ദുബൈയില്‍ നിന്നെത്തിയ ആളാണ്. മാര്‍ച്ച് 18 നാണ് വിദേശത്തു നിന്ന് വന്നത്. ദുബൈയില്‍ നിന്ന് എത്തിയതു മുതല്‍ 28 ദിവസം വീട്ടുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടാതെ നിരീക്ഷണത്തിലിരുന്നിരുന്നു. ഇത്രയും നാളും യാതൊരു കോവിഡ് രോഗ ലക്ഷണം പോലുമുണ്ടായിരുന്നില്ല. അതിനിടെ വിദേശത്തുനിന്ന് വന്നവരുടെ സാംപിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്രവം പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്.
അതേസമയം, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 23വയസുള്ള യുവ ദൃശ്യമാധ്യമ പ്രവര്‍ത്തകനും ചെമ്മനാട് പഞ്ചായത്തില്‍ നിന്നുള്ള 29 കാരനുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. എന്നാല്‍ കോവിഡ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വാര്‍ത്താ ആവശ്യങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ സഞ്ചരിക്കുകയും പലരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിട്ടുള്ളതിനാല്‍ സഹ മാധ്യമ പ്രവര്‍ത്തകരടക്കം പലരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കയാണ്.
ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിക്കും സമാനമായ സാഹചര്യമാണ് ഉള്ളത്. ഉറവിടം കണ്ടെത്താനാകാത്തതിനാല്‍ രോഗം സ്ഥിരീകരിച്ച പ്രദേശം മുഴുവനായി അടച്ചിട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ഡിഎംഒ രണ്ടു ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ദൃശ്യമാധ്യമ പ്രവര്‍ത്തകരായ ഏതാനും സുഹൃത്തുക്കളോടൊപ്പം ഇദ്ദേഹവും സ്രവം പരിശോധനക്ക് നല്‍കിയത്.
Post a Comment
0 Comments