കാസര്‍കോട് (www.evisionnews.co): ഹജ്ജിന് വേണ്ടി മാറ്റിവച്ച തുക കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത മംഗളൂരു സ്വദേശിയുടെ ഹജ്ജിനുള്ള ചെലവുകള്‍ ഏറ്റെടുത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഹജ്ജിന് പോകാനായി നാളുകളേറെയായി സ്വരൂപിച്ച തുക ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കിയാണ് മംഗളൂരു ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരനായ അബ്ദുല്‍ റഹ്മാന്‍ അത്ഭുതപ്പെടുത്തിയത്.
തന്റെ കടങ്ങള്‍ എല്ലാ തീര്‍ത്ത് ഇത്തവണ ഹജ്ജിന് പോകാന്‍ തീരുമാനിച്ചതാണ് അബ്ദുല്‍ റഹ്മാന്‍. ഇതിനായി കൂലിപ്പണിയെടുത്തും മുണ്ട് മുറുക്കിയുടുത്തും സമ്പാദിച്ച തുകയാണ് അബ്ദുല്‍ റഹ്മാന്റെ കയ്യില്‍ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകനായ സവാദ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ നന്മ ലോകമറിഞ്ഞത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ആരെയും അത്ഭുതപ്പെടുത്തിയ സല്‍കര്‍മം ശ്രദ്ധയില്‍പെട്ടതോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ റഹ്്മാനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പോസ്റ്റ് കണ്ട മലപ്പുറം സ്വദേശി മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന്റെ ഹജ്ജിനുള്ള തുക താൻ വഹിക്കാമെന്നേറ്റ് തങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തങ്ങൾ മംഗലാപുരത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിച്ചു.
Post a Comment
0 Comments