Type Here to Get Search Results !

Bottom Ad

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് രാജ് കൊറോണയെക്കാള്‍ ഭീകരം: എകെഎം അഷ്‌റഫ്

മഞ്ചേശ്വരം (www.evisionnews.co): കൊറോണ ഭീതിയില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് വ്യതസ്തമായ സേവനങ്ങളുമായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയുള്ള പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എകെഎം അഷ്‌റഫ്. 

മഞ്ചേശ്വരത്ത് ഉള്‍പ്പടെ സന്നദ്ധ പ്രവര്‍ത്തകരോട് കൊടുംക്രിമിനലുകളോടെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്. ദിവസങ്ങളോളമായി ഉപ്പള കേന്ദ്രീകരിച്ച് ആയിരക്കണക്കിനാളുകള്‍ക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തുന്ന കൂട്ടായ്മയിലെ അബ്ദുല്ല ആരിഫ് എന്നിവരെ പൊലീസ് പിടികൂടുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവമുണ്ടായി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് ഭക്ഷണം വിതരണംചെയ്യുന്ന ഫാറൂഖ് ചെക്ക് പോസ്റ്റ് എന്ന യുവാവിനെ ഹൊസങ്കടിയില്‍ പൊലീസ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

കര്‍ണാടകയുടെ ധാര്‍ഷ്ട്യം കാരണം ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്ന മഞ്ചേശ്വരത്തെയും കുഞ്ചത്തൂരിലെയും പാവങ്ങള്‍ക്ക് മരുന്ന് എത്തിച്ചുനല്‍കുകയും അടിയന്തിര ആതുര സേവന സഹായങ്ങളും ചെയ്തു വരുന്ന ഇല്യാസ് തുമിനാട് എന്ന സന്നദ്ധ പ്രവര്‍ത്തകനെ പൊലീസ് വളഞ്ഞുവെച്ച് മര്‍ദിച്ചു. ഇങ്ങനെ നാട്ടില്‍ എന്ത് അപകടങ്ങളും ദുരിതങ്ങളും ഉണ്ടാവുമ്പോള്‍ കൈമെയ് മറന്നു സേവന സന്നദ്ധരാകുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രാജ് നടപ്പിലാക്കുമ്പോള്‍ അതുവലിയ നന്മയാണ് ഇല്ലാതാക്കുന്നത്. സര്‍ക്കാറിന്റെയും മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്റെയും ആഹ്വന പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കൂട്ടായ നേതൃത്വത്തില്‍ സജീവമായ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പൊലീസിന്റെ ഇത്തരം നടപടി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് ആയിരിക്കും നയിക്കുകയെന്നും മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എകെഎം അഷ്‌റഫ് ആവശ്യപ്പെട്ടു. 




Post a Comment

0 Comments

Top Post Ad

Below Post Ad