കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ പതിനേഴ് മാസമായി ശമ്പളമില്ലാതെ പട്ടിണിയിലായ കാസര്‍കോട് ഭെല്‍ ഇഎംഎല്‍ ജീവനക്കാര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതികള്‍ പോലും നിരന്തരം ഓര്‍മപ്പെടുത്തുന്ന സമയത്താണ് 170 കുടുംബങ്ങള്‍ കഴിഞ്ഞ 17 മാസമായി ശമ്പളമില്ലാതെ നരകിക്കുന്നത്. ജീവനക്കാരുടെ രോഗികളായ കുടുംബാംഗങ്ങളുടെ ചികിത്സ മുടങ്ങുകയും വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാവുകയും ചെയ്തിരിക്കുന്നു. വായ്പകളുടെ തിരിച്ചടവ് മുടങ്ങി നിയമ നടപടികളിലേക്ക് കടന്നു.
വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റിവിറ്റി യോ പെന്‍ഷനോ ലഭിക്കുന്നില്ല. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണനപോലും പൊതുമേഖലാ ജീവനക്കാരോട് കാണിക്കാത്ത സര്‍ക്കാരുകളുടെ നിലപാട് തിരുത്തുക തന്നെ വേണം. കമ്പനി പൂര്‍ണമായും കൈമാറാത്ത ഭെല്ലില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഭെല്‍ ഇ.എം.എല്ലിന് ലഭിക്കാനുണ്ടെന്നാണറിയുന്നത്. സബ്‌സിഡിയറി കമ്പനിയായ ഇഎംഎല്ലിന് നല്‍കാനുള്ള തുക പോലും നല്‍കാത്ത ഭെല്ലിന്റെ ലക്ഷ്യം കാസര്‍കോട്ടെ യൂണിറ്റിന്റെ തകര്‍ച്ച തന്നെയാണ്. മാര്‍ച്ച് 20ന് കമ്പനി അടച്ചിടുന്ന ദിവസം വരെ ജീവനക്കാര്‍ നിരന്തര സമരത്തിലായിരുന്നു.
ജില്ലയിലെ ഏക പൊതുമേഖലാ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ നിന്ന് ഭരണ സംഘടനകള്‍ വിട്ട് നില്‍ക്കുന്നത് ദുരൂഹമാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരും ഭെല്ലുംതമ്മിലുണ്ടാക്കിയ കൈമാറ്റ കരാര്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ഇരുകൂട്ടര്‍ക്കും ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാനും ജീവനക്കാരുടെ പട്ടിണി മാറ്റാനുള്ള അടിയന്തിര സാമ്പത്തിക സഹായമോ മുടങ്ങിക്കിടക്കുന്ന ശമ്പളമോ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
Post a Comment
0 Comments