Type Here to Get Search Results !

Bottom Ad

178ല്‍ നിന്നും 13ലേക്ക്: രോഗബാധിതര്‍ ഇനി കാസര്‍കോട് നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും


കാസര്‍കോട് (www.evisionnews.co): കോവിഡ് സ്ഥിരീകരിച്ചിട്ട് 42 ദിവസം പിന്നിടുമ്പോള്‍ ഒരുഘട്ടത്തില്‍ സാമൂഹിക വ്യാപനത്തിന്റെ ഭീതിയിലായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 13 പേര്‍ മാത്രം. 178 രോഗികളില്‍ 165 പേരാണ് ഇതിനകം രോഗ മുക്തി നേടി ആസ്പത്രി വിട്ടത്. അഥവാ 92.3 ശതമാനം പേരും രോഗമുക്തരായി. 

ഇന്നലെ മാത്രം രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പുതിയതായി ഒരാളെ ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

അതേസമയം, ഇന്നലെ മാത്രം മൂന്ന് പേര്‍ രോഗം ഭേദമായി ആസ്പത്രി വിട്ടു. മൂന്നുപേരും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുണ്ടായിരുന്ന 89പേരും കഴിഞ്ഞ ദിവസം തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തില്‍ ഇനിയുള്ളത് മൂന്നു രോഗികളാണ്. 39പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36പേര്‍ ഇതിനകം രോഗം ഭേദമായി ആസ്പത്രി വിട്ടു. 25 രോഗികളുണ്ടായിരുന്ന ചെങ്കള പഞ്ചായത്തില്‍ നാലു പേരാണ് നിലവിലുള്ളത്. മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍ പഞ്ചായത്തുകളില്‍ ഒരാളും കാസര്‍കോട് നഗരസഭയിലും മുളിയാര്‍ പഞ്ചായത്തിലും രണ്ടും രോഗികളുമാണുള്ളത്. 

ജില്ലയില്‍ ഏറെ രോഗബാധിതരുണ്ടായിരുന്നത് ചെമ്മനാട് പഞ്ചായത്തിലും (39) കാസര്‍കോട് നഗരസഭയില്‍ (35) പേരുമാണ്. കാഞ്ഞങ്ങാട് നഗരസഭയില്‍ ഏഴ്, മീഞ്ച, മംഗല്‍പാടി, പടന്ന, പൈവളികെ പഞ്ചായത്തുകളില്‍ ഒന്നു വീതം, ഉദുമയില്‍ 13, മധൂരില്‍ 13, മൊഗ്രാല്‍ പുത്തൂരില്‍ 15, പള്ളിക്കരയില്‍ ആറ്, കുമ്പളയിലും അജാനൂരിലും നാല്, ബദിയടുക്കയില്‍ മൂന്ന്, മുളിയാറില്‍ എട്ട് പുല്ലൂര്‍ പെരിയയില്‍ രണ്ട് രോഗികളാണുണ്ടായിരുന്നത്. ഇതില്‍ പള്ളിക്കര, ഉദുമ, മധൂര്‍, ബദിയടുക്ക, പൈവളികെ, പടന്ന, മംഗല്‍പാടി, മീഞ്ച, പുല്ലൂര്‍ പെരിയ, കുമ്പള പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉണ്ടായിരുന്ന രോഗികള്‍ എല്ലാവരും രോഗമുക്തി നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad