കാസര്‍കോട് (www.evisionnews.co): പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ച് അയല്‍വാസിയുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് തെരുവിലെ കോരന്റെ മകന്‍ കെസി സുരേന്ദ്രന്‍ (65)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
എയര്‍ഗണില്‍ നിന്നാണ് കഴുത്തിന് വെടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അയല്‍വാസിയും ടാക്സി ഡ്രൈവറുമായ സനല്‍ (30) ആണ് സുരേന്ദ്രനെ വെടിവെച്ചത്. ഇയാള്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ സ്വമേധയാ കീഴടങ്ങി. സുരേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച എയര്‍ഗണ്‍ സനലിന്റെ കൈവശം ഇല്ലായിരുന്നു. വരുന്ന വഴി പുഴയില്‍ എയര്‍ഗണ്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
സനല്‍ നേരത്തേ ഗള്‍ഫിലായിരുന്നു. അടുത്തിടെ നാട്ടിലെത്തി ടാക്സി കാര്‍ വാങ്ങി ഓടിക്കുകയാണ്. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍. കഴുത്തിന് വെടിയേറ്റ സുരേന്ദ്രന്‍ സ്വന്തം വീട്ട് മുറ്റത്ത് തന്നെ പിടഞ്ഞ് വീണ് മരിക്കുകയായിരുന്നു. സുകുമാരിയാണ് സുരേന്ദ്രന്റെ ഭാര്യ. സുമേഷ്, സുജിത എന്നിവര്‍ മക്കളാണ്.
Post a Comment
0 Comments