Type Here to Get Search Results !

Bottom Ad

ഖത്തറില്‍ കാസര്‍കോട് സ്വദേശികള്‍ ദുരിതത്തിലല്ല: വ്യാജം പ്രചരിപ്പിക്കരുതെന്ന് കെഎംസിസി


ദോഹ (www.evisionnews.co): ഖത്തറില്‍ കാസര്‍കോട് സ്വദേശികളായ പ്രവാസികള്‍ ദുരിതത്തിലല്ലെന്ന് ഖത്തര്‍ കെഎംസിസി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രവാസികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഖത്തര്‍ ഗവണ്‍മെന്റിനെയും സംസ്‌കാരിക സംഘടനങ്ങളെയും അധിക്ഷേപിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും കാസര്‍കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. 

ഖത്തറിലെ കാസര്‍കോട് ജില്ലക്കാര്‍ ഭക്ഷണ ആരോഗ്യ കാര്യത്തില്‍ യാതൊരു വിധ ദുരിതവും അനുഭവിക്കുന്നില്ല. കെഎംസിസി അടക്കമുള്ള സംഘടനകള്‍, റെഡ്ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നീ കൂട്ടായ്മകളും ചില വ്യക്തികളും അത്ഭുതപ്പെടുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുനേരം പോലും ഭക്ഷണമോ മറ്റോ ലഭിക്കാതെ മലയാളികളടക്കം ഒരാള്‍ പോലും ഉണ്ടാവരുതെന്ന ദൃഢനിശ്ചയത്തോടെ ഖത്തറിന്റെ മുക്കിലും മൂലയിലും പ്രവാസി സംഘടനകളും പ്രവാസി വ്യവസായികളും അടക്കമുള്ളവര്‍ നടത്തുന്ന സേവനം വലിയ മാതൃകയാണ്. കോവിഡ് വ്യാപനം മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ ഖത്തറിലും ഭീതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കാരുണ്യത്തിന്റെ ചാലുകീറി കെഎംസിസി അടക്കമുള്ള സംഘനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭീതിയേയും അസ്ഥാനത്താക്കുന്നു. 

കാസര്‍കോട് ജില്ലക്കാരായ നിരവധി പേരാണ് ദോഹയിലും മറ്റുമായി ഉള്ളത്. പലരും നാട്ടില്‍ വരാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ദുരിതം വിതച്ച് കോവിഡ് എത്തിയത്. വിസിറ്റ് വിസയില്‍ ഖത്തറില്‍ എത്തിയവരും ഏറെ. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളില്‍ അരും പ്രയാസം അനുഭവിക്കരുതെന്ന് പ്രവാസി സംഘടനകള്‍ ആഗ്രഹിക്കുന്നു. 

വിദേശ മാധ്യമങ്ങള്‍ പോലും ഇക്കാര്യം വലിയ രീതിയില്‍ വാര്‍ത്തയാക്കുമ്പോഴാണ് ഖത്തറില്‍ കാസര്‍കോട് സ്വദേശികള്‍ ദുരിതക്കയത്തില്‍ എന്ന് കാസര്‍കോട്ടെ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് തെറ്റിദ്ധാരണാജനകമാണെന്നും ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം ലുക്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട് എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad