Type Here to Get Search Results !

Bottom Ad

മന്ത്രി പറഞ്ഞത് കള്ളം: മകളുടെ രോഗ വിവരം അറിഞ്ഞത് ടിവിയിലൂടെയെന്ന് പിതാവും ഡോക്ടര്‍മാരും


മലപ്പുറം (www.evisionnews.co): കോവിഡ് -19 ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ച വിവരം കുട്ടിയുടെ മാതാപിതാക്കളും ഡോക്ടര്‍മാരും അറിഞ്ഞത് ഒരു ദിവസത്തിന് ശേഷം ടിവിയിലൂടെയെന്ന് വെളിപ്പെടുത്തല്‍. ഇതോടെ രോഗം സ്ഥിരീകരിച്ചാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുമ്പ് തന്നെ വിവരങ്ങള്‍ ചികിത്സിച്ച ഡോക്ടര്‍മാരെയും ബന്ധുക്കളെയും അറിയിച്ചിരുന്നുവെന്ന ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു. 

ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി രഹസ്യമായി സൂക്ഷിക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ മഞ്ചേരിയില്‍ മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിനെ ആദ്യം ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടറുടെയും കുട്ടിയുടെ പിതാവിന്റെയും വിശദീകരണം മന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കുകയാണ്. 21ന് വൈകിട്ട് 6.45ന് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 22ന് വൈകിട്ട് അഞ്ചിന് ശേഷമാണ് വിവരം അറിഞ്ഞതെന്നാണ് കുട്ടിയെ ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്. 

22ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞതെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് മുതല്‍ മാതാവും അവരുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും കുട്ടിയെ താമസിപ്പിച്ച മുറിയില്‍ തന്നെയായിരുന്നു. രോഗം സ്ഥിരീകരിച്ച് മുപ്പത് മണിക്കൂറിന് ശേഷമാണ് ഇവരെ കുട്ടിയുടെ അടുത്ത് നിന്നും മാറ്റിയത്. അതുവരെ മാസ്‌ക് മാത്രം ധരിച്ചായിരുന്നു മാതാവും ബന്ധുവും കുട്ടിയെ ശുശ്രൂഷിച്ചിരുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്‍ന്റൈനില്‍ പോയതും 24 മണിക്കൂറിന് ശേഷമാണ്. 

സംഭവത്തില്‍ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ മരണ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും മുന്നോട്ടുവന്നത്. എന്നാല്‍ മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെയും കുട്ടിയുടെ ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad