Type Here to Get Search Results !

Bottom Ad

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കനിയണം: കെഎംസിസി


ദുബൈ (www.evisionnews.co): കോവിഡ് 19 അനുദിനം വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്കാരെ പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

ജിസിസി, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്നുണ്ട്. കുടുംബത്തെ പോറ്റാന്‍ നിര്‍ബന്ധ പ്രവാസജീവിതം സ്വീകരിക്കേണ്ടി വന്നവരാണ് ഇവര്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും. സമൂഹ സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുന്നതെന്നതിനാല്‍ ഒരു മുറിയില്‍ ഒന്നിച്ച് താമസിക്കുന്നവര്‍ തന്നെ പരസ്പരം ബന്ധം വിഛേദിക്കുകയാണ്. ചെറിയ വേതനമായാലും ഉള്ള ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണത്തിന് വേണ്ടി ഓരോരുത്തരും കേഴുകയാണ്. 

സഹവാസികളില്‍ ആര്‍ക്കെങ്കിലും ഈ രോഗം പിടിപെട്ടതായി കണ്ടാല്‍ ഒന്ന് സഹായിക്കാന്‍ പോലുമാകാതെ മറ്റുള്ളവര്‍ നിസഹായരായി മാറിനില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ലഭ്യമാക്കുന്നുണ്ട്. സ്വദേശികളെ പോലെ തന്നെ വിദേശികളും തങ്ങളുടെ പൗരന്മാരാണ് എന്നതാണ് ഇവിടത്തെ ഭരണാധികാരികളുടെ സമീപനം. എല്ലാ ആനുകൂല്യങ്ങളും അവര്‍ ഉറപ്പുവരുത്തുന്നു. പോലീസും ആരോഗ്യ വിഭാഗവും പ്രവാസികളെ കൂടെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. 

ചില പ്രത്യേക പരിതസ്ഥിതിയില്‍ രോഗനിര്‍ണയം നടത്താനോ നിരീക്ഷണത്തില്‍ പോകാനോ സൗകര്യങ്ങള്‍ കുറവാണെങ്കിലും ഓരോ ദിവസവും വര്‍ധിപ്പിച്ച് വരികയാണ്. എന്നാലും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് അതിനുള്ള സൗകര്യമില്ല. വിമാന സര്‍വീസുകള്‍ നിര്‍ത്തല്‍ ചെയ്തത് കാരണം യാത്രക്ക് സാധ്യമാകുന്നുമില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായ പ്രവാസികളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്.

ഇത്തരം പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും സൗജന്യ നിരക്കില്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടനടി പുനഃസ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തില്‍ ഭരണകൂടം കനിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ദുബൈ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. 

മഹാവ്യാധിയിലകപ്പെട്ടും അല്ലാതെയും ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ക്ക് സ്വശരീരം മറന്നും ത്യാഗം സഹിച്ചും ഭക്ഷണമെത്തിച്ചും മറ്റ് സഹായങ്ങള്‍ ഒരുക്കിയും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കോവിഡ് നിവാരണ ഹെല്‍പ് ഡെസ്‌കിനെയും കെഎംസിസി പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികളെയും മുന്‍ ഭാരവാഹികളെയും വളണ്ടിയര്‍ വിങ് ടീമിനെയും പ്രവര്‍ത്തകരെയും വേണ്ട സഹായ സഹകരങ്ങള്‍ ചെയ്യുന്ന വ്യവസായ പ്രമുഖരെയും സന്നദ്ധപ്രവര്‍ത്തകരെയും ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹമ്മദ് ഇബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെപി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എംസി മുഹമ്മദ്, ട്രഷറര്‍ ഹനീഫ ടിആര്‍ മേല്‍പറമ്പ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad