കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് സ്പ്രിങ്ക്‌ളിംഗ് വിവാദം കൊഴുക്കുന്നതിനിടെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ചേരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലടക്കം ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. കാസര്‍കോടിന് പുറമെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെയും രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായാണ് പുതിയ വാര്‍ത്തകള്‍.
രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെയാണ് തുടര്‍ചികിത്സ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെയടക്കം ചില സ്വകാര്യ ആശുപത്രി അധികൃതര്‍ ബന്ധപ്പെടുന്നതായാണ് വിവരം. ഡോക്ടര്‍മാരും ഏജന്റുമാരും ഇക്കാര്യം ആവശ്യപ്പെട്ട് രോഗികളെയും കുടുംബാംഗങ്ങളെയും നേരിട്ട് വിളിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ഒരു കാരണവശാലും പുറത്ത് പോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സമയത്താണ് വിവരചോര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞു. കണ്ണൂരിലെയും പത്തനംതിട്ടയിലെയും രോഗികള്‍ക്കും ബംഗളൂരിവിലെ സ്വകാര്യ കമ്പനികളില്‍ നിന്നും ഫോണ്‍ കോള്‍ വന്നിരിക്കുകയാണ്. ഇതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് വഴി തെളിയിക്കുകയാണ്. ജില്ലയിലെ അതാത് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയിടങ്ങളിലേക്ക് മാത്രമാണ് രോഗികളുടെ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നത്. ചോര്‍ച്ച ഇവിടെയെവിടെങ്കിലുമായിരിക്കാമെന്നാണ് സംശയിക്കുന്നത്.
അതേസമയം, കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുളളവരെയും ട്രാക്ക് ചെയ്യാനായി പൊലീസ് ഏര്‍പ്പെടുത്തിയ ആപ്പില്‍ നിന്നും വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കാനിരിക്കുന്നതേ ഉള്ളൂ എന്നാണ് അറിയുന്നത്.
Post a Comment
0 Comments