Type Here to Get Search Results !

Bottom Ad

പ്രതിരോധത്തിന്റെ കാസര്‍കോടന്‍ മാതൃക ഒരു മാസത്തിനകം ആസ്പത്രി വിട്ടത് 107പേര്‍ രോഗികളുടെ എണ്ണം 61 ആയി


കാസര്‍കോട് (www.evisionnews.co): പോസിറ്റീവ് കേസുകളുടെ ഗ്രാഫ് ഉയരുന്നുവെന്ന ആശങ്കക്കിടയിലും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നത് കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷ പകരുന്നു. രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ 107പേരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടത്. 

ഇത്രയധികം കോവിഡ് വിഴുങ്ങിയ കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം ആശ്വാസത്തിന്റെ കണക്ക് തന്നെയാണിത്. കഴിഞ്ഞ ദിവസം മാത്രം 24പേരാണ് രോഗവിമുക്തരായി ആസ്പത്രി വിട്ടത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ അഞ്ചും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 16ഉം ജില്ലാ ആശുപത്രിയില്‍ മൂന്നും ചികിത്സയിലുള്ളവരാണ് കോവിസ് 19 നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തത്. രാജ്യത്ത് തന്നെ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്. അഥവാ 63 ശതമാനം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ നാലു ദിവസങ്ങളിലായി പോസിറ്റീവ് കേസുകള്‍ രണ്ടിലൊതുങ്ങിയതും കാസര്‍കോടിന് ആശ്വാസമായി. 

ജില്ലയില്‍ 168പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അവശേഷിച്ച 103പേരില്‍ വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ ബാക്കി ദുബൈ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജനുവരി അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. ജനുവരി 28നു രാത്രി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി 31നാണ് രോഗലക്ഷണങ്ങളെ തുടര്‍ന്നു ജില്ലാ ആസ്പത്രിയിലെത്തിയത്. 

രണ്ടാമത്തെ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 16നാണ്. മൂന്നാമത്തെ കേസ് 19നും. ആറു പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടങ്ങോട്ട് ഏപ്രില്‍ ആറുവരെ രോഗബാധിതരുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. മാര്‍ച്ച് 23ന് 19 പേര്‍ക്കും 27നു 33പേര്‍ക്കും 30ന് 17 പേര്‍ക്കും ഏപ്രില്‍ ഒന്നിനു 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയേറി. മാര്‍ച്ച് അവസാനത്തോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 130 കടന്നു. രോഗികള്‍ കൂടുന്നതിലും വലിയ രീതിയില്‍ നിരീക്ഷത്തിലുള്ളവരുടെ എണ്ണവും കൂടി.

നിലവില്‍ ജില്ലയില്‍ലെ രോഗികളുടെ എണ്ണം 61 ആണ്. ഇന്നലെ മാത്രം ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വീടുകളില്‍ 8266 പേരും ആശുപത്രികളില്‍ 114 പേരുമാണ് നീരിക്ഷണത്തിലുള്ളത്. ആകെ 2707 സാമ്പിളുകളില്‍ 1992 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.429 റിസള്‍ട്ട് ലഭ്യമാകാനുണ്ട്. സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അതില്‍ കോവിഡ് പോസിറ്റീവ് കേസുമായി കോണ്‍ടാക്ടുള്ള 16പേരെയും കോണ്ടാക്ട് ഇല്ലാത്ത 71പേരെയും പരിശോധനക്ക് റഫര്‍ ചെയ്തിട്ടുണ്ട്. നീരിക്ഷണ കാലയളവ്പൂര്‍ത്തീകരിച്ച 1016 പേരാണ് ജില്ലയില്‍ ഉള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad