Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് ആര്‍.ബി.ഐ


ദേശീയം (www.evisionnews.co): ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. മാര്‍ച്ച് 16ന് മുമ്പ് ഒരു തരത്തിലുമുളള ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയില്ലായെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ജനുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതായത് മേല്‍പ്പറഞ്ഞ സമയപരിധി കഴിഞ്ഞാല്‍ കൈവശമുളള കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ചുരുക്കം. എടിഎം, പിഒഎസ് പോലുളള നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ തുടര്‍ന്നുളള ഓണ്‍ലൈന്‍ സേവനം അവസാനിപ്പിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഡിസേബിള്‍ ചെയ്യുമെന്ന് അര്‍ത്ഥം. തുടര്‍ന്നും ഓണ്‍ലൈന്‍ സേവനം ലഭിക്കണമെങ്കില്‍ ബാങ്കില്‍ പ്രത്യേകമായി അപേക്ഷ നല്‍കേണ്ടി വരും. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍, രാജ്യത്തിനകത്തെ എടിഎമ്മുകള്‍, പിഒഎസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad