കാസര്‍കോട് (www.evisionnews.co): ലോക്ഡൗണ്‍ അഞ്ചാം ദിനത്തിലേക്ക് കടന്ന കാസര്‍കോട്ട് കനത്ത നിയന്ത്രണം തുടരുന്നു. രാവിലെ മുതല്‍ തന്നെ നഗരത്തിലും ദേശീയപാതയിലും ഉള്‍പ്രദേശങ്ങളിലടക്കം പരിശോധന കര്‍ശനമാണ്. സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവരെ തടഞ്ഞുവെച്ച് ആവശ്യം കൃത്യമായി ചോദിച്ചറിഞ്ഞാണ് പൊലീസ് പോകാന്‍ അനുവദിക്കുന്നത്. പലേടത്തും പൊലീസ് പരിസരം മറന്നും പെരുമാറുന്നതായി വ്യാപക പരാതി ഉയരുകയാണ്. ഇതോടെ അവശ്യസാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാവാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് സാധാരണക്കാര്‍.
കാസര്‍കോട്ട് കലാപമോ കൊറോണ രോഗമോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ജനമൊന്നാകെ വൈറസ് വ്യാപനത്തിന്റെ ഭീതിയിലായിരിക്കുമ്പോഴാണ് ക്രമസമാധാന ഭീഷണി ഉയര്‍ത്തി പോലീസും ഭരണകൂടവും നാട്ടിലൊന്നാകെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത്. നിയന്ത്രണത്തിന്‍രെ പേരില്‍ പോലീസ് വഴിയില്‍ കിട്ടിയവരെ അടിച്ചുപരിക്കേല്‍പ്പിക്കുന്ന കാഴ്ചയാണ് കാസര്‍കോട്ടേത്.
ഇന്ന് രാവിലെ ചെര്‍ക്കളയില്‍ പാല്‍വണ്ടിയുമായി വരികയായിരുന്നയാളെ പോലീസ് വണ്ടി തടഞ്ഞ് അക്രമിച്ചിരുന്നു. വ്യാപാരികള്‍ക്കെതിരെയും ജീവനക്കാരെയും കണക്കിന് മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജോലിക്ക് പോകുകയായിരുന്ന ബദിയടുക്ക സിഎച്ച്‌സിയിലെ ഡോ. അരവിന്ദ് വി. അശോകിനെ വിദ്യാനഗര്‍ ബിസി റോഡില്‍ പൊലിസുകാര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചിരുന്നു. ചെര്‍ക്കളയില്‍ ഇന്ന് മെഡിക്കല്‍ കട ജീവനക്കാരന് നേരെയും അക്രമമുണ്ടായി.
വ്യാപാരികളെയും തൊഴിലാളികളെയും അക്രമിക്കുന്നതിനാല്‍ പലരും ഇന്നും നഗരത്തിലെത്തിയില്ല. അതുകൊണ്ട്തന്നെ മിക്ക മെഡിക്കല്‍, പലചരക്ക് കടകള്‍ പോലും തുറക്കാന്‍ ഉടമകള്‍ മടിക്കുകയാണ്. വാഹനങ്ങള്‍ കുറവായതിനാല്‍ പെട്രോള്‍ പമ്പുകളും അടച്ചിടേണ്ട അവസ്ഥയിലാണ്.
ഇന്നലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളിന് സമീപം ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ തെറി വിളിക്കുകയും നീയൊക്കെ പോയിട്ട് എന്തു ചെയ്യാനാണെന്ന് ചോദിച്ച് വാഹനം ലാത്തികൊണ്ട് അടിച്ചു തകര്‍ത്തു. ചെര്‍ക്കളയില്‍ പച്ചക്കറി കൊണ്ടുപോവുകയായിരുന്ന വാഹനം പൊലീസ് കേടുപാട് വരുത്തി. ഒരുദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ആരും ചത്തുപോകില്ലടാ എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം. വ്യാപാരികളെയും കയറ്റിറക്ക് തൊഴിലാളികളെയും മറ്റു ജീവനക്കാരെയും പൊലീസ് അക്രമിക്കുന്നതോടെ നഗരത്തില്‍ പല കടകളും അടഞ്ഞുകിടക്കുകയാണ്. വെയര്‍ഹൗസുകളിലും തൊഴിലാളികള്‍ എത്തായതോടെ ഭക്ഷ്യസാധന വിതരണവും നിലക്കുമെന്ന ആശങ്കയുണ്ട്.
Post a Comment
0 Comments