കാസര്‍കോട് (www.evisionnews.co): ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലെ മുപ്പതോളം പൊതിച്ചോറുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊണ്ടുപോയതായി പരാതി. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി മാറ്റിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്കായാണ് കൊണ്ടുപോയതെന്നാണ് വിശദീകരണം.
എന്‍മകജെ, ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 75ഓളം ഡിവൈഎഫ്‌ഐ- സിപിഎം പ്രവര്‍ത്തകരാണ് സര്‍ക്കാറിന്റെ നിര്‍ദേശം കാറ്റില്‍പറത്തി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ശുചീകരിക്കാനെത്തിയത്. എന്നാല്‍ പഞ്ചായത്തോ ജനജാഗ്രതാ സമിതിയോ ഏല്‍പ്പിക്കാതെയാണ് ഒരു സംഘം കൂട്ടത്തോടെ മെഡിക്കല്‍ കോളജ് ശുചീകരിക്കാനെത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഭക്ഷണപ്പൊതി കൊണ്ടുപോയത് അറിയില്ലെന്നും ആസ്പത്രി ശുചീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും എച്ചഐ ദേവിദാക്ഷന്‍ പറഞ്ഞു.
പഞ്ചായത്തോ ജനജാഗ്രതാ സമിതിയോ തീരുമാനിക്കാത്ത ആരെയും സന്നദ്ധപ്രവര്‍ത്തനത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നിര്‍ദേശം നിലനില്‍ക്കെയാണ് 75ഓളം പേര്‍ കൂട്ടംകൂടി സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ ബദിയടുക്ക പഞ്ചായത്ത് യൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. വിവാദമായതോടെ ഡിവൈഎഫ്‌ഐയില്‍ നിന്നും ഭക്ഷണപ്പൊതികള്‍ക്കുള്ള പണം ഈടാക്കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവരികയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുണ്ടായ ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐയുടെ ഭക്ഷണപ്പൊതി കടത്ത് പുറത്തായത്.
Post a Comment
0 Comments