Type Here to Get Search Results !

Bottom Ad

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ പിതാവിനും കൊറോണ

കേരളം (www.evisionnews.co): കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന 3 വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. ഇവരില്‍ എത്ര പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഴാം തീയതിയാണ് മൂന്നു വയസുകാരനും അച്ഛനമ്മമാരും ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് സംവിധാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ കുട്ടിക്ക് പനിയുണ്ടെന്നു വ്യക്തമായി. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു.

കുഞ്ഞിനൊപ്പം അമ്മയെയും ഐസൊലേഷന്‍ വാര്‍ഡിലാക്കി. 3 വയസ് മാത്രം പ്രായമുള്ള കുഞ്ഞായതിനാലാണ് അമ്മയെയും ഐസൊലേഷന്‍ വാര്‍ഡില്‍ ഒപ്പം നിര്‍ത്തിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കാത്തതിനാലുമാണ് അച്ഛനെ വിട്ടയച്ചതെന്നാണ് വിശദീകരണം. അച്ഛന്‍ പുറത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും ആശുപത്രിയില്‍ വന്നുപോവുകയും ചെയ്തു.

മാര്‍ച്ച് ഒന്‍പതിന് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അച്ഛനെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയത്. പിന്നീട് ഇയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്. പുറത്തുണ്ടായിരുന്ന രണ്ടു ദിവസം ഇയാള്‍ പോയ ആശുപത്രി പരിസരത്തെ കാന്റീനിലെ ജീവനക്കാര്‍, സിം കാര്‍ഡിനായി പോയ കടയിലെ ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍ എന്നിവരൊക്കെ പട്ടികയിലുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad